തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നുവെന്ന പി.വി.അന്‍വറിന്‍റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ടിഎംസി. അന്‍വര്‍ തികഞ്ഞ ‘ഫ്രോഡ്’ ആണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ സംസ്ഥാന സെക്രട്ടറി വി.ശിവദാസന്‍ നായര്‍ (ദാസു) പറഞ്ഞു.
അന്‍വര്‍ അധികാരമോഹിയാണ്. രാഷ്ട്രീയസ്ഥിരതയില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ അന്‍വര്‍ ജയിക്കില്ല. അന്‍വര്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി നശിക്കുമെന്നും തൃണമൂലിന്‍റെ മുതിര്‍ന്ന നേതാവായ ദാസു പറഞ്ഞു.
അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് മമത ബാനര്‍ജിക്ക് അയച്ച കത്തില്‍, സിറ്റിങ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരും മുന്‍ എംപിമാരുമടക്കം തനിക്കൊപ്പം ടിഎംസിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നുവെന്ന് ദാസു പറഞ്ഞു. എംഎല്‍എമാരായ യു.പ്രതിഭ, കോവൂര്‍ കുഞ്ഞുമോന്‍, കെ.പി.മോഹനന്‍, കെ.കെ.രമ, തോമസ് കെ.തോമസ് എന്നിവരുടെയും മുന്‍ എംഎല്‍എമാരുടെയും മുന്‍ എംപിമാരുടെയുമെല്ലാം പേരുകള്‍ ഇതിലുണ്ടായിരുന്നു. മറ്റനേകം നേതാക്കളുടെ പിന്തുണയുെട അന്‍വര്‍ അവകാശപ്പെട്ടിരുന്നു.
കത്തിലെ വസ്തുത അന്വേഷിക്കാന്‍ മമത ബാനര്‍ജി നിര്‍ദേശിച്ചതനുസരിച്ച് താന്‍ കേരളത്തില്‍ പോയിരുന്നു. എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ക്കൊന്നും ഇതേപ്പറ്റി അറിയില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും ദാസു പറഞ്ഞു. ‘അന്‍വറിനെപ്പോലെ ഒരു ഫ്രോഡിനെ ഇതുവരെ കണ്ടിട്ടില്ല. രാഷ്ട്രീയ അന്‍വറിന് ചേര്‍ന്ന പണിയല്ല. മാധ്യമശ്രദ്ധ കിട്ടാന്‍വേണ്ടി വായില്‍ തോന്നിയതെല്ലാം പറയുകയാണ്.’ അന്‍വറിന്‍റെ മനോനില തകരാറിലാണെന്നും തിരഞ്ഞെടുപ്പിനുശേഷം മാനസികരോഗ വിദഗ്ധനെക്കൊണ്ട് ചികില്‍സിക്കണമെന്നും ദാസു പറഞ്ഞു.





