ഭൂരിപക്ഷം നേടാനായില്ല; വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: മൂന്നില്‍ രണ്ട് ഭൂരിപക്ഷ നേടാനാവാതെ വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത് 298 പേരാണ്. 230 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

പ്രതിപക്ഷം ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാത്തത് നിര്‍ഭാഗ്യകരമെന്ന് കിരണ്‍ റിജിജു പറഞ്ഞു. അതേസമയം ലോക്‌സഭ നാളെ 11 മണി വരെ പിരിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ കൊണ്ടുവരുന്നത് 2023ലെ വനിതാ സംവരണ ബില്‍ അല്ലെന്നും വനിതകളെ മറയാക്കി രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ബിജെപിയുടെ നാണംകെട്ട ശ്രമമാണെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതികരിച്ചിരുന്നു.

‘ഇതൊരു പാനിക് റിയാക്ഷനാണ്. രാജ്യത്തിന്റെ അധികാരം നിലനിര്‍ത്താനുള്ള ശ്രമമാണ്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരം നേടാനുള്ള ശ്രമമാണ്. ബിജെപിയുടേത് തെക്കന്‍ സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ശ്രമമാണ്. പുതിയ ഭേദഗതി ബില്ലിന് സ്ത്രീ ശാക്തീകരണവുമായി ബന്ധമില്ല. ഈ ബില്‍ വനിതകളെ പ്രതിനിധാനം ചെയ്യുന്നില്ല. പഴയ ബില്‍ അവതരിപ്പിച്ചാല്‍ പാസാക്കാം. ഇത് ജാതി സെന്‍സസ് നടത്താതിരിക്കാനുള്ള ശ്രമമാണ്,’ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.