തിരുവനന്തപുരം: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ് മലയാളിക്ക് ഇന്ന് വിഷു. കണി കണ്ടും, കൈനീട്ടം നൽകിയും, സദ്യ ഒരുക്കിയും വിഷു ആഘോഷമാക്കുകയാണ് മലയാളികൾ. കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷ കൂടിയാണ് മലയാളികൾക്ക് വിഷുപ്പുലരി. താലത്തില്‍ ഒരുക്കിയ കണി പോലെ വരും വർഷം സമ്പൽസമൃദ്ധമാകും എന്നാണ് മലയാളികളുടെ വിശ്വാസം.
വിഷു കാർഷിക സംസ്കാരത്തിൻ്റെ ഓർമപ്പെടുത്തൽ ആണ്. കൃഷ്ണൻ്റെ വിഗ്രഹം, മടക്കിവെച്ച കോടി മുണ്ട്, വാൽക്കണ്ണാടി, നാളികേരം, നാണയങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, എന്നിവ ചേർന്ന് ഒരുക്കിയ സമൃദ്ധിയുടെ വിഷുക്കാഴ്ച. വിഷു ഒത്തുചേരലിൻ്റേയും കൂടി നിമിഷങ്ങളാണ്. കണി കണ്ടു കഴിഞ്ഞാൽ ഗൃഹനാഥനിൽ നിന്ന് വിഷുകൈനീട്ടം വാങ്ങാൻ എല്ലാവരും ഒന്നിച്ചെത്തും.
ജോർജിനും എതിരെ ദീപിക
പുതിയ വർഷത്തെ ആദ്യ ദിനമായ മേട മാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യകാഴ്ചയെ ആണ് കണികാണൽ എന്നു പറയുന്നത്. ഇതായിരിക്കും ഒരു വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്നാണ് വിശ്വാസം. ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുര വധം നടത്തിയ ദിനമാണ് വിഷുവായി കൊണ്ടാടുന്നതെന്നാണ് ഐതിഹ്യം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒപ്പം കാർഷികോത്സവം കൂടിയാണ് വിഷു.
വിഷുവിന് ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊന്നാണ് പടക്കങ്ങൾ. കുട്ടികൾ മുതൽ മുതിർന്നവർ വരെ പടക്കം പൊട്ടിച്ച് വിഷു ആഘോഷമാക്കി തീർക്കുന്നതും പതിവാണ്. വിശ്വാസങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന ഒരു സമഗ്രമായ സാംസ്കാരിക അനുഭവമാണിത്. മലയാളികളുടെ ഹൃദയത്തില്‍ ഐശ്വര്യത്തിൻ്റെ വെളിച്ചം നിറയ്ക്കുന്ന, ഓരോ വര്‍ഷവും പുതിയ പ്രതീക്ഷകളോടും സന്തോഷത്തോടും കൂടെ വരവേല്‍ക്കപ്പെടുന്ന ആഘോഷമായാണ് ഓരോ വിഷു ദിനവും കടന്നുപോകുന്നത്.
….





