സുരക്ഷാ സംവിധാനങ്ങളിൽ വൻ അഴിച്ചുപണി, മെസേജുകൾ വായിച്ചാലുടൻ അപ്രത്യക്ഷമാകും; ഫോട്ടോകൾക്ക് പിന്നാലെ ടെക്സ്റ്റ് മെസേജുകൾക്കും ‘വ്യൂ വൺസ്’ സൗകര്യം; വാട്സാപ്പിൽ വരുന്നത് വൻ അപ്‌ഡേറ്റുകൾ

ലണ്ടൻ: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾക്കായി സുരക്ഷാ സംവിധാനങ്ങളിൽ വൻ അഴിച്ചുപണി നടത്താനൊരുങ്ങി പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സാപ്പ്. ആപ്പിളിന്റെ പുതിയ മെസേജിങ് സംവിധാനമായ ആർ.സി.എസ് (RCS) അപ്‌ഗ്രേഡിനെ വെല്ലുവിളിച്ചുകൊണ്ടാണ് വാട്സാപ്പിന്റെ ഈ പുതിയ നീക്കം.

പുതിയ അപ്‌ഡേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം യൂസർനെയിം ഫീച്ചറാണ്. ഇതുവരെ ഒരാളുമായി ചാറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ കൈമാറേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകളിലേത് പോലെ ഓരോരുത്തർക്കും തനതായ യൂസർനെയിം സെറ്റ് ചെയ്യാം. അപരിചിതർക്കും ഗ്രൂപ്പുകളിലുള്ളവർക്കും ഫോൺ നമ്പർ നൽകാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താം. ഇത് വ്യക്തിവിവരങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കും.

ചിത്രങ്ങൾക്കും വീഡിയോകൾക്കും നിലവിലുള്ള ‘വ്യൂ വൺസ്’ (View Once) ഫീച്ചർ ഇനി സാധാരണ ടെക്സ്റ്റ് മെസേജുകൾക്കും ലഭ്യമാകും. ഈ ബട്ടൺ ഉപയോഗിച്ച് അയക്കുന്ന മെസേജുകൾ സ്വീകർത്താവ് വായിച്ചാലുടൻ തനിയെ ഡിലീറ്റ് ആകും. സംഭാഷണങ്ങൾ സ്ഥിരമായി സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്കും രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈമാറുന്നവർക്കും ഇത് ഏറെ പ്രയോജനകരമാണ്.

വാട്സാപ്പ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ക്ലൗഡ് ബാക്കപ്പുകളുടെ കാര്യത്തിൽ വിമർശനം ശക്തമാണ്. വാട്സാപ്പിലെ ഏകദേശം 95 ശതമാനം മെസേജുകളും കൃത്യമായ എൻക്രിപ്ഷൻ ഇല്ലാതെയാണ് ക്ലൗഡിൽ സൂക്ഷിക്കപ്പെടുന്നത് എന്ന് ടെലിഗ്രാം മേധാവി പാവൽ ദുറോവ് അഭിപ്രായപ്പെട്ടു.  ബാക്കപ്പ് എൻക്രിപ്ഷൻ ഫീച്ചർ ഭൂരിഭാഗം ആളുകളും ഉപയോഗിക്കാത്തത് വലിയ സുരക്ഷാ ഭീഷണിയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ടുവരുന്നതിന് തൊട്ടുമുമ്പാണ് മത്സരരംഗത്ത് കരുത്തുറ്റ സാന്നിധ്യമാകാൻ വാട്സാപ്പ് ഈ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്.