- വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
വാഷിംഗ്ടൺ: അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന ഉപരോധിക്കുമെന്നും ഇറാന് ടോൾ നൽകി കടന്നുപോകുന്ന കപ്പലുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് അമേരിക്കയും ട്രംപും കടക്കുന്നത്.
ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന തടയും. അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ഇറാന് ടോൾ നൽകുന്ന കപ്പലുകൾ തടയാൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകി. ഇറാൻ കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നശിപ്പിക്കാൻ യുഎസ് നടപടി തുടങ്ങും. യുഎസ് സേനയ്‌ക്കോ സമാധാനപരമായ ഗതാഗതം നടത്തുന്ന കപ്പലുകൾക്കോ എതിരെ ഇറാൻ വെടിയുതിർത്താൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബാദിൽ വെച്ച് നടത്തിയ ചർച്ച പരാജയം
ഇറാനും അമേരിക്കയും പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ വെച്ച് നടത്തിയ ചർച്ച പരാജയമായി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന നേരിട്ടുള്ള ചർച്ചകളാണ് പരാജയപ്പെട്ടത്. മിക്ക കാര്യങ്ങളിലും ധാരണയായെങ്കിലും ആണവ പ്രശ്നത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ തയ്യാറായില്ല. ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും ഇതോടെ നേരിട്ടുള്ള ചർച്ചകൾ അവസാനിച്ചതായും വാൻസ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നിയമവിരുദ്ധമായി ടോൾ ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെ ട്രംപ് രംഗത്തെത്തി. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു.





