കടബാധ്യതയുള്ള പ്രവാസികൾ രാജ്യം വിടുന്നത് തടയാൻ കർശന നീക്കം; യാത്രാവിലക്ക് നീട്ടും, ബഹ്റൈനിൽ സുപ്രധാന നിയമ ഭേദഗതി നിർദ്ദേശം

0
6

മനാമ: കടബാധ്യതയുള്ള വിദേശികൾക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് കാലപരിധിയില്ലാതെ നീട്ടാൻ അനുമതി നൽകുന്ന പുതിയ ഭേദഗതി ബഹ്‌റൈൻ പാർലമെന്‍റ് ചർച്ച ചെയ്യാനൊരുങ്ങുന്നു. കടബാധ്യതകൾ തീർക്കാതെ രാജ്യം വിടുന്നത് തടയുന്നതിനും പൊതു ക്രമത്തിന് ഭീഷണിയാകുന്ന പ്രവാസികളെ നാടുകടത്താനുള്ള സർക്കാരിന്‍റെ അധികാരം സംരക്ഷിക്കുന്നതിനുമായുള്ള നിർണ്ണായക ഭേദഗതികളാണ് ബഹ്‌റൈൻ പാർലമെന്‍റ് ചർച്ച ചെയ്യുന്നത്.

സിവിൽ-കൊമേഴ്‌സ്യൽ നിയമത്തിലെ ആർട്ടിക്കിൾ 40-ൽ മാറ്റം വരുത്തുന്ന രണ്ട് കരട് നിയമങ്ങളാണ് ചൊവ്വാഴ്ച പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരുന്നത്.

നിലവിലെ നിയമപ്രകാരം ഒരു വ്യക്തിക്ക് മൂന്ന് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനും അത് പരമാവധി മൂന്ന് തവണ പുതുക്കാനുമാണ് ജഡ്ജിക്ക് അധികാരമുള്ളത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം, യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും അത് പുതുക്കാൻ ജഡ്ജിക്ക് അധികാരം ലഭിക്കും.

ഇതിന് പ്രത്യേക ഫീസും ഈടാക്കില്ല. യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും, ഒരു പ്രവാസിയെ നാടുകടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുന്നതിന് യാത്രാവിലക്ക് തടസ്സമാകില്ല. രാജ്യസുരക്ഷ പരിഗണിച്ചോ മറ്റോ അധികൃതർ വിദേശികളോട് രാജ്യം വിടാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിലും ഇത് ബാധകമായിരിക്കും.

കടം വീട്ടാൻ ശേഷിയുണ്ടായിട്ടും സ്വത്ത് വിവരങ്ങൾ ഒളിപ്പിക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവരെ ക്രിമിനൽ അന്വേഷണത്തിന് വിധേയമാക്കാനും ഭേദഗതി നിർദ്ദേശിക്കുന്നുണ്ട്. ഇത് നീതി നടപ്പാക്കുന്നത് തടസ്സപ്പെടുത്തുന്ന ഗുരുതരമായ കുറ്റമായി കണക്കാക്കും. കടബാധ്യതയുള്ളവർ, പ്രത്യേകിച്ച് പ്രവാസികൾ, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രാജ്യം വിടുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കടം നൽകിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനുള്ള മാർഗമാണ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്. അംഗീകാരം ലഭിച്ചാൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പുതിയ നിയമം പ്രാബല്യത്തിൽ വരും.