234 മണ്ഡലങ്ങളിലും ഡിഎംകെ ജയിക്കും; ആത്മവിശ്വാസത്തോടെ എം.കെ. സ്റ്റാലിൻ

തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും ഡിഎംകെയ്ക്ക് വിജയസാധ്യതയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ജനങ്ങള്‍ മികച്ച പിന്തുണ നല്‍കുന്നുവെന്നും സ്റ്റാലിന്‍.  ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂരിലെ ഇന്നത്തെ റാലി റദ്ദാക്കി. ഭരണപരമായ കാരണങ്ങള്‍ എന്ന് വിശദീകരണം.

എതിരാളിയായി ആരൊക്കെ വന്നാലും ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യം വിജയം നേടുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അണ്ണാ ഡിഎംകെയെ പോലൊരു ദ്രവീഡിയന്‍ പാര്‍ട്ടി ഡല്‍ഹിക്ക് അടിമകളായത് ദുഖകരവും അപമാനകരവുമെന്നും സ്റ്റാലിന്‍. 

ഇന്ന് കടലൂരില്‍ നടക്കേണ്ട ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചാരണം റദ്ദാക്കി. ഭരണപരമായ കാരണങ്ങള്‍ എന്നാണ് വിശദീകരണം. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം കടലൂരില്‍ എത്താനായിരുന്നു വിജയ്‌യുടെ പദ്ധതി. എന്നാല്‍ 175 കി.മീ ദൂരം റോഡിലൂടെ പോകുമ്പോള്‍ ആരാധകര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്തുടരാനും അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. ഇതിനാലാണ് പര്യടനം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഇന്നലെ കാരെക്കുടിയിലും വിജയ്‌യുടെ വാഹനത്തെ പിന്തുടര്‍ന്നവര്‍ ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റിരുന്നു.  വിജയ്‌യുടെ പ്രചാരണത്തിന് അനുമതി നല്‍കിയിരുന്നതിനാല്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഇന്ന് കടലൂരില്‍ പ്രചാരണത്തിന് അനുമതി നല്‍കിയിരുന്നില്ല. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള പര്യടനവും തുടരുകയാണ്. ഡിഎംകെ ഒരു കുടുംബം നടത്തുന്ന കോര്‍പറേറ്റ് കമ്പനിയായി മാറിയെന്ന് എടപ്പാടി കുറ്റപ്പെടുത്തി.