ബെയ്റൂട്ടിലും ബെകാ താഴ് വരയിലുമടക്കം 250 പേരുടെ മരണത്തിനിടയാക്കിയ വലിയ ആക്രമണം നടത്തിയതിന് ശേഷം ലെബനനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇസ്രയേല്‍. ലെബനനുമായി സമാധാന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പറഞ്ഞു. ബെയ്റൂട്ടില്‍ നിന്നുള്ള തുടര്‍ച്ചയായുള്ള ആക്രമണങ്ങളില്‍ പ്രതികരിച്ച് ഇസ്രയേല്‍ മറുപടി ആക്രമണം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
‘ഇസ്രയേലുമായി ഒരു സന്ധിയിലേര്‍പ്പെടാനുള്ള ലെബനന്റെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഞാന്‍ കഴിഞ്ഞ ദിവസം ലെബനനുമായി ചര്‍ച്ചയ്ക്ക് മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്കി,’ നെതന്യാഹു പറഞ്ഞു.
ഹിസ്ബുള്ളയെ നിരായുധീകരിക്കുന്നതിലും ലെബനനും ഇസ്രയേലിനുമിടയില്‍ സമാധാനം കൊണ്ടുവരികയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലുമായി ഒരു താല്‍ക്കാലിക വെടിനിര്‍ത്തലിന് ലെബനന് ശ്രമിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് റോയ്ട്ടേഴ്സിനോട് പറഞ്ഞു. ഇസ്രയേലുമായി ഒരു സമവായത്തിലെത്തുമ്പോള്‍ യുഎസ് അതില്‍ ഒരു ഗ്യാരണ്ടിയായി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
…





