തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങൾക്കും ആരോപണ വിവാദങ്ങൾക്കുമൊടുവിൽ കേരള ജനത വിധിയെഴുത്ത് നടത്തി. പൊള്ളുന്ന ചൂടിനെ വകവെച്ച് ജനം ബൂത്തിലേക്കൊഴികയപ്പോൾ തരക്കേടില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 77.97 ആണ്. അന്തിമ കണക്കുകൾ വരുമ്പോൾ പോളിങ് ശതമാനം ഇനിയും കൂടിയേക്കും 2021-ലേതിനേക്കൾ കൂടുതലാണിത്. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട വരിയുണ്ടായിരുന്നു.
നിലവിൽ ലഭ്യമായ കണക്കനുസരിച്ച് എറണാകുളത്താണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തും കോഴിക്കോടും പോളിങ് ശതമാനം 80 കടന്നു. കുറവ് പത്തനംതിട്ടയിലാണ്. 70.38 ശതമാനമാണ് പത്തനംതിട്ടയിലെ പോളിങ്
വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ പോളിങ് ശതമാനത്തിൽ സ്വാഭാവിക വർധനവുണ്ടാകാം. ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ.
കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയർന്നു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. നാദാപുരം മണ്ഡലത്തിലെ വാണിമേൽ എം.യു.പി. സ്കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി. ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർത്ഥച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത് വിവാദമായി. പോസ്റ്റ് പിന്നാലെ പിൻവലിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റെന്നാണ് എൻഡിഎ സ്ഥാനാർഥിയുടെ വാദം.
കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതായി പരാതി ഉയർന്നു. ഉതിരനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിലാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ രതിലയ്ക്ക് നേരെ ആക്രമണമുണ്ടായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു





