- ഇരുവരുടേയും പ്രണയവിവാഹമായിരുന്നു
- ശിക്ഷ ഈമാസം 10ന് പ്രഖ്യാപിക്കും
തലശേരി: വനിതാ സിവില്‍ പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. തൃശൂര്‍ ആംഡ് ബറ്റാലിയനിലെ സി.പി.ഒ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ (38) കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ കോട്ടുര്‍ പെരളത്തെ കെ.രാജേഷിനെ (41) ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വച്ചാണ് ദിവ്യശ്രീ കൊല്ലപ്പെടുന്നത്. കൊലപാതകം ഉള്‍പ്പെടെ നാല് വകുപ്പുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈമാസം 10ന് പ്രഖ്യാപിക്കും. വിവാഹമോചനക്കേസിൽ സംഭവ ദിവസം രാവിലെ ദിവ്യശ്രീ കോടതിയിൽ ഹാജരായി ബന്ധം തുടരാൻ താൽപര്യമില്ലെന്നു പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ.
ആസൂത്രിതവും ഏറെ പൈശാചികവും ക്രൂരവുമായ കൊലപാതകമാണെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് വിവാഹമോചനത്തിനായി ദിവ്യശ്രീ കോടതിയെ സമീപിച്ചിരുന്നു.
സംഭവ ദിവസം രാവിലെ കണ്ണൂര്‍ കുടുംബ കോടതിയില്‍ ദിവ്യശ്രീ ഹാജരായിരുന്നു. തുടര്‍ന്ന് വിവാഹമോചനം നേടിയാണ് വീട്ടിലെത്തിയത്. പ്രതി സംഭവദിവസം പെട്രോളും കത്തിയും സംഘടിപ്പിച്ച് ബൈക്കില്‍ ദിവ്യശ്രീയുടെ വീട്ടിലെത്തി വീടിന്റെ മുന്‍വശത്തെ ഗ്രില്‍സ് ചവിട്ടിപൊളിച്ച് അകത്ത്കടന്ന് ദിവ്യശ്രീയെ പിടിച്ച് പുറത്തിറക്കി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്തുവെന്നും തടയാന്‍ എത്തിയ ദിവ്യ ശ്രീയുടെ പിതാവ് കെ.വാസുവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
ബൈക്കിലെത്തിയ പ്രതി അക്രമത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച പ്രതി വളപട്ടണത്തെ ബാറിലെത്തി മദ്യപിക്കുന്ന വിവരമറിഞ്ഞെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദിവ്യശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം, കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
കേസിൽ സംഭവസമയത്തെ സിസിടിവി ദൃശ്യം കോടതിയിൽ ഹാജരാക്കി പ്രദർശിപ്പിച്ചിരുന്നു. ആയുധം കണ്ടെത്തിയതിന്റെയും വാങ്ങുന്നതിന്റെയും ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യം കോടതിയിൽ ഹാജരാക്കി. 102 രേഖകളും 51 തൊണ്ടിമുതലും ഹാജരാക്കി. സംഭവത്തിന് മുൻപ് പ്രതിക്കെതിരെ രണ്ട് കേസുകളുണ്ടായിരുന്നു.





