റണ്ണൗട്ട് വിധിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം; വിശാഖപട്ടണത്ത് അംപയറെ കുത്തിക്കൊന്നു

വിശാഖപട്ടണം: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ റണ്ണൗട്ട് വിധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ 21കാരനായ അമ്പയറെ കുത്തിക്കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. ഡോല അജിത് ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ഇവിടുത്തെ ഒരു മൈതാനത്ത് നടന്ന മത്സരത്തിനിടെയാണ് സംഭവം.

മൂന്ന് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. സഹ അംപയര്‍ ബുദുമുരി ചിരഞ്ജീവിക്കൊത്ത് അജിത് ബാബു കളി നിയന്ത്രിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്.

റണ്ണൗട്ട് വിധിച്ചതോടെയുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ അംപയര്‍മാര്‍ ശ്രമിക്കുമ്പോള്‍ കാണികളിലൊരാളായ കാന്ത കിഷോര്‍ (26) എന്നയാള്‍ മൈതാനത്തിറങ്ങി വഴക്കുണ്ടാക്കുകയും അംപയര്‍മാരെയും കളിക്കാരെയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് പ്രശ്‌നം പരിഹരിക്കാനെന്ന വ്യാജേന കിഷോര്‍ അംപയര്‍മാരെ സമീപത്തെ ഒരു സ്ഥലത്തേക്ക് വിളിച്ചു. തുടര്‍ന്ന് അജിത് ബാബുവും ചിരഞ്ജീവിയും മറ്റ് ചിലരും സ്ഥലത്തെത്തി. ഇവിടെ വച്ചും തര്‍ക്കമുണ്ടാവുകയും പൊടുന്നെ കിഷോര്‍ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ഇരു അംപയര്‍മാരെയും ആക്രമിക്കുകയുമായിരുന്നു.

നെഞ്ചിന് കുത്തേറ്റ അജിത് ബാബു നിലത്തു വീണു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മല്ലേശ്വര റാവുവിന്റെ റിപോര്‍ട്ടില്‍ പറഞ്ഞു. ചിരഞ്ജീവിക്കും വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരുക്കേറ്റതായും സി ഐ അറിയിച്ചു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.