ഇറാനിൽ ശക്തമായ ആക്രമണം; നിരവധി സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ് ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഈ അവകാശവാദം ഉന്നയിച്ചത്.
ആക്രമണത്തിന്റെ വിഡിയോയും പങ്കുവച്ചു. ‘‘ ഇറാനെ മോശമായും വിവേകമില്ലാതെയും നയിച്ച നിരവധി സൈനിക നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു’’–ട്രംപ് പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി കരാറിലെത്തിയില്ലെങ്കിൽ ഇറാനുമേൽ നരകം പെയ്തിറങ്ങുമെന്ന് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു.
ഇറാൻ വെടിവച്ചിട്ടത് എഫ്–15 ഇ ഉൾപ്പെടെ 2 യുഎസ് യുദ്ധവിമാനങ്ങൾ ഇറാന്റെ സൈനികശക്തി പാടേ തകർത്തെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീരവാദം മുഴക്കിയതിന്റെ രണ്ടാംദിനം 2 യുഎസ് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ട് ഇറാൻ. തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്–15 ഇ വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷപ്പെട്ടെങ്കിലും പൈലറ്റിനെ കാണാതായി.
തകർന്നുവീണ എഫ്–15ഇയിലെ പൈലറ്റിനെ കണ്ടെത്താനായി രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ റവലൂഷനറി ഗാർഡ്സ് തിരച്ചിൽ ശക്തമാക്കി. പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് 61 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന വിമാനത്തിന്റെ ചിത്രങ്ങൾ ഇറാൻ വാർത്താഏജൻസികൾ പുറത്തുവിട്ടു. യുഎസ് പൈലറ്റിനെ ഇറാൻ കണ്ടെത്തുകയും ജീവൻ വച്ച് വിലപേശുകയും ചെയ്താൽ യുദ്ധത്തിന്റെ ഗതി മാറിയേക്കാമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
പൈലറ്റിനെ കണ്ടെത്താനായി ഇറാൻ അതിർത്തിക്കുള്ളിൽ അതീവ ദുഷ്കരമായ തിരച്ചിലുമായി മുന്നോട്ടു പോകുകയാണ് യുഎസ്. തിരയാനെത്തിയ 2 യുഎസ് ഹെലികോപ്റ്ററുകൾക്ക് ഇറാൻ സൈന്യത്തിന്റെ വെടിയേറ്റു. വിമാനങ്ങൾ വീണത് ഇറാൻ ആക്രമണത്തിലാണെന്നു യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
യുഎസ് – ഇറാൻ സമാധാന ചർച്ചകൾ തടസപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് പാക്കിസ്ഥാൻ. അത്തരം വാർത്തകൾ അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടിയുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്ന് വ്യക്തമായ പ്രതികരണം ലഭിക്കാത്തതിനാൽ സമാധാന നീക്കങ്ങളുടെ വേഗത കുറഞ്ഞുവെന്നാണ് പാക്കിസ്ഥാനിലെ ഡോൺ, യുഎസിലെ വാൾ സ്ട്രീറ്റ് ജേണൽ എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
‘‘മേഖലയിലെ നിലവിലുള്ള സംഘർഷത്തെക്കുറിച്ചും സമാധാനവും സംഭാഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെക്കുറിച്ചും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് സമൂഹ മാധ്യമങ്ങളിലടക്കം വരുന്ന നിരവധി റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക വൃത്തങ്ങളുടേതെന്ന പേരിൽ പ്രചരിക്കുന്ന ഈ വ്യാജ വാർത്തകളെ ഞങ്ങൾ തള്ളിക്കളയുന്നു. എല്ലാ മാധ്യമ പ്ലാറ്റ്ഫോമുകളും ജാഗ്രത പാലിക്കണം, ഊഹാപോഹങ്ങൾ ഒഴിവാക്കണം. കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗികമായി പുറത്തിറക്കുന്ന പ്രസ്താവനകളെ മാത്രം ആശ്രയിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു’’ – താഹിർ അന്ദ്രാബി പറഞ്ഞു.





