കൊച്ചി: ചെറിയ അളവിൽ മയക്കുമരുന്ന് കൈവശംവെക്കുന്ന കേസിലും പ്രതികളെ ‘കാപ്പ’ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ വിശാലബെഞ്ചിന്റെ ഉത്തരവ്.
കുറഞ്ഞ അളവിൽ മയക്കുമരുന്ന് സൂക്ഷിച്ചതിന്റെപേരിൽ ഗുണ്ടയായോ സ്ഥിരം മയക്കുമരുന്ന് കൈകാര്യംചെയ്യുന്ന കുറ്റവാളിയായോ കണ്ട് കേരള സമൂഹവിരുദ്ധ പ്രവർത്തന നിയന്ത്രണ നിയമപ്രകാരം (കാപ്പ) തടവിലാക്കാനാകില്ലെന്ന മൂന്നംഗബെഞ്ചിന്റെ മുൻ ഉത്തരവ് തെറ്റാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് എം.ബി. സ്നേഹലത, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ വിശാലബെഞ്ചിന്റെ വിധി.
വാണിജ്യലക്ഷ്യത്തോടെ മയക്കുമരുന്ന് കൈകാര്യംചെയ്യുന്ന കേസിലേ ‘മയക്കുമരുന്ന് കുറ്റവാളി’യായി കണക്കാക്കാനാകൂ എന്നാണ് 2024-ൽ ‘സുഹാന’ കേസിൽ ഹൈക്കോടതി ഫുൾ ബെഞ്ച് പറഞ്ഞത്. ഈ വിലയിരുത്തൽ തള്ളിയ വിശാലബെഞ്ച് മയക്കുമരുന്ന് കേസിനെ നിസ്സാരമായി കാണാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന് അടിമയായവരെയും രസത്തിനായി ഉപയോഗിക്കുന്നവരെയും വ്യത്യസ്തമായി കാണണം എന്ന വാദം അംഗീകരിക്കാനാകില്ല.
ലഹരി ഉപയോഗത്തിന്റെ ഭീകരതയെ ചെറുക്കാൻ ഒരേപോലെ പ്രവർത്തിക്കുന്നതാണ് എൻ.ഡി.പി.എസ്. നിയമവും കാപ്പ നിയമവും. ലഹരിക്കെതിരേ പ്രതിരോധമല്ല തകർക്കുന്ന സമീപനമാണ് വേണ്ടത്. അതേസമയം ആദ്യമായി മയക്കുമരുന്നുമായി പിടിയിലാകുന്നവരെ മതിയായ ചികിത്സ ഉറപ്പാക്കി പുനരധിവസിപ്പിക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.





