നിലവിലെ സാഹചര്യങ്ങളിൽ പരിഭ്രാന്തരാകരുത്, ജാഗ്രതയാണ് വേണ്ടത്; സഊദിയിലെ നിവിലെ സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എംബസി വളണ്ടിയർ സൈഫുദ്ധീൻ പൊറ്റശ്ശേരി വിശദീകരിക്കുന്നു

0
7

നിലവിലെ സാഹചര്യങ്ങളിൽ പരിഭ്രാന്തരാകരുത്, ജാഗ്രതയാണ് വേണ്ടത്, എന്തിനെയും നേരിടാൻ സഊദി അറേബ്യ സുസജ്ജമാണ്. സഊദിയിലെ നിലവിലെ സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എംബസി വളണ്ടിയർ സൈഫുദ്ധീൻ പൊറ്റശ്ശേരി വിശദീകരിക്കുന്നു

പ്രിയമുള്ളവരേ

എല്ലാവരിലും ദൈവത്തിൻ്റെ കാരുണ്യവും രക്ഷയും ഉണ്ടാവുമാറാവട്ടെ

നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമായ ചില കാര്യങ്ങൾ അറിയിക്കണമെന്ന് തോന്നി.

ജുബൈലിൽ ഇന്നലത്തെ രാത്രിയോടെ പലരും പരിഭ്രാന്തിയിലാണ്. സുരക്ഷയുടെ ഭാഗമായി സിവിൽ ഡിഫൻസിൻ്റെ അലർട്ട് മെസേജ് വന്ന് നിമിഷങ്ങൾക്കകം കേട്ട സ്ഫോടന ശബ്ദത്തിൽ ഒരു വേള എല്ലാവരും പരിഭ്രാന്തരായി ഉറക്കമൊഴിച്ചു പലരും വീടിന്ന് പുറത്തും. എന്നാൽ നാം വസിക്കുന്ന പ്രവാസമണ്ണിൻ്റെ സൗദീ ഭരണകൂടത്തിൻ്റെ സുരക്ഷാ വിഭാഗം സുസജ്ജമാണ്. രാജ്യത്തിൻ്റെയും വസിക്കുന്ന ജനങ്ങളുടെയും സുരക്ഷാ വിഷയത്തിൽ ഇവിടുത്തെ സൈന്യം ഉൽബുദ്ധരും ഉറക്കമൊഴിച്ച് പ്രത്യേക നിരീക്ഷണവും നടത്തിവരികയാണ്. മറുവശത്ത് നിന്നും വരുന്ന ഏത് ആക്രമണവും പ്രതിരോധിക്കാനായി അവർ ശക്തരും പര്യാപ്തരും പ്രതിജ്ഞാബന്ധരുമാണ്. ഇത് ഇത് വരെ അനുഭവത്തിലൂടെ ദൈവാനുഗ്രഹത്താൽ അവർ തെളിയിച്ചു കാണിച്ചു.

ആയതിനാൽ ആരും പരിഭ്രാന്തരാവാതെ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. സർവ്വചരാചര സൃഷ്ടാവായ എല്ലാറ്റിൻറെയും നിയന്ത്രണവും നടത്തുന്ന ദൈവംതമ്പുരാനോട് നമ്മുടെയും ഈ നാടിൻ്റെയും നന്മക്കും സുരക്ഷക്കും വേണ്ടിയും സുരക്ഷാ സേനയുടെ വിജയത്തിന്നും ശക്തിക്കും വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുക.

അത്യാവശ്യ ഘട്ടങ്ങളിൽ അവസരോചിതമായി ഉപയോഗിക്കാവുന്ന ഏതാനും കോൺടാക്റ്റ് നമ്പറുകൾ താഴെ കൊടുക്കുന്നത് എല്ലാവരും നോട്ട് ചെയ്യുക.

1. ഫയർ & സിവിൽ ഡിഫൻസ് 998

2. ആംബുലൻസ് 997

3. പോലീസ് ഡിപ്പാർട്ട്മെൻ്റ് 999 / 911

4. ട്രാഫിക്ക് പോലീസ് 993

5. നജം.( ആക്സിഡൻ്റ് വിഭാഗം) 920000560

6. മിനിസ്ട്രി ഓഫ് ഹെൽത്ത് 937

7. ഇന്ത്യൻ എംബസി റിയാദ് 24×7 ഹെൽപ് ലൈൻ നമ്പറുകൾ താഴെ കൊടുത്ത വിധം

   ലാൻ്റ് ലൈൻ 00966 11 4884697 

വാട്ട്സപ്പ് മാത്രം. 00966 542126748

ടോൾ ഫ്രീ നമ്പർ 800 247 1234ഇമെയ്ൽ അഡ്രസ്: cw.riyadh@mea.gov.in

8. എമർജൻസി കോൺടാക്റ്റ് – കോൺസുലേറ്റ് ഓഫ് ഇന്ത്യ ജിദ്ദ

  • ലാൻ്റ് ലൈൻ നമ്പർ 0096612 6648660 / 00966 12 2614093
  • വാട്ട്സപ്പ് നമ്പർ: 00966 536209704
  • മോബൈൽ നമ്പർ 09966 556122301
  • ടോൾ ഫ്രീ നമ്പർ 800 244 0003
  • ഇമെയ്ൽ conscw.jeddah@mea.gov.in

അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടി വന്നെങ്കിൽ മാത്രം ഉപയോഗിക്കാനായി സഹായകമായ നമ്പറുകളാണ് മുകളിൽ സൂചിപ്പിച്ചത്.

രാജ്യത്തിൻ്റെയും സ്വയം സുരക്ഷയുടെയും ഭാഗമായി താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്.

1. അത്യാഹിതഘട്ടങ്ങളിൽ രാജ്യത്തിൻ്റെ ഔദ്യോഗിക നിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുക.

2. സോഷ്യൽ മീഡിയകളിലൂടെ അനാവശ്യ ചർച്ചകളും ഫോർവേഡുകളും ചെയ്യാതിരിക്കുക.

3. അനധികൃതമായ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കാതിരിക്കുക. 

4. ഗ്രൂപ്പികളിൽ നിന്നും കിട്ടിയതായാലും അല്ലെങ്കിലും കിട്ടുന്ന സ്പോടന വസ്തുക്കളുടെ അവശിഷ്ടങ്ങളുടെ ഫോട്ടോയോ അത്തരത്തിലുള്ള വീഡിയോകളോ ഫോർവേഡ് ചെയ്യൽ തീർത്തും ശിക്ഷാർഹവും ഡീപോട്ടേഷന് വിധേയമാവേണ്ടിയും വരും.

5. പ്രത്യേകം ജാഗ്രതയുടെ ഭാഗമായി രാത്രിസമയങ്ങളിൽ കഴിയുന്നതും നേരത്തേ താമസസ്ഥലങ്ങളിൽ തിരിച്ചെത്തുകയും അനിവാര്യ ഘട്ടങ്ങളിൽ ഔദ്യോഗിക നിർദ്ദേശങ്ങളുണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂ.

6. പാസ്പോർട്ട് , സർട്ടിഫിക്കറ്റുകൾ പോലെയുള്ള അത്യാവശ്യ രേഖകൾ പെട്ടെന്ന് കിട്ടുന്ന അവസ്ഥയിൽ ഒരു ചെറിയ ബേക്ക് ക്യാരിബേഗിൽ സൂക്ഷിച്ച് വെക്കൽ നല്ലതാണ്. അത്യാവശ്യമായിട്ടുള്ള ഏതാനും ഡ്രസുകളും.

7. അന്ത്യാവശ്യ അനിവാര്യഘട്ടങ്ങളിൽ ഔദ്യോഗിക നിർദ്ദേശ പ്രകാരം പുറത്ത് പോവേണ്ടുന്ന അവസ്ഥയുണ്ടെങ്കിൽ ഉപയോഗിക്കാനായി അത്യാവശ്യം കുപ്പി വെള്ളവും ബിസ്കറ്റ് പോലത്തെ ലൈറ്റ് ഫുഡുകളും കരുതുന്നത് നല്ലതാണ്.

8. പെട്ടെന്ന് കേട് പാടുകൾ വരാത്ത ലോംഗ് ലൈഫ് ഫുഡുകൾ കുറഞ്ഞ കാലത്തേക്കുള്ളത് താമസസ്ഥലത്ത് കരുതിവെക്കൽ നല്ലതാണ്. അതിൽ മക്രോണി അരി ഗോതമ്പ് റവ മറ്റു പൊടികൾ ഒക്കെയാവാം. അത്യാവശ്യം വെള്ളവും മെഴുക് തിരികളും.

9. അത്യാവശ്യം കോൺടാക്റ്റ് ചെയ്യേണ്ടുന്ന നമ്പറുകൾ മോബൈലിൽ കൂടാതെ എഴുതി സൂക്ഷിക്കലും നല്ലതാണ്.

10. കൈവശമുള്ള മോബൈലുകളും മറ്റു ഡിവൈസുകളും കഴിയുന്നതും ഫുൾ ചാർജാക്കി വെക്കൽ നന്ന്.

11. ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഇന്ധനം ഫുൾ ആക്കി വെക്കൽ ഉപകാരപ്രദമാവും.

12. ചെറിയ കുട്ടികളുള്ളവർ അത്യാവശ്യം ബേബി ഫുഡുകൾ കരുതി വെക്കുക.

13. നിത്യേന ഉപയോഗിക്കേണ്ടുന്ന മരുന്നുകളും കരുതൽ നല്ലതാണ്.

     നിലവിലെ സാഹചര്യത്തിൽ ഒരു മുൻകരുതൽ എന്ന നിലക്ക് മാത്രം സുരക്ഷിതത്വത്തിന്ന് വേണ്ടിയുള്ള നിർദ്ദേശങ്ങളാണ്. പരിഭ്രാന്തരാവാനോ ഭയപ്പെടാനോ അല്ല. മുൻകൂട്ടിയുള്ള ഒരുക്കം എപ്പോഴും നല്ലതാണല്ലോ🤝🥰🥰🥰

നാം ജീവിക്കുന്ന ഈ മണ്ണിനേയും സ്വദേശികളേയും പ്രവാസികളേയും നാടിൻ്റെ സുരക്ഷയിൽ സുപ്രധാന പങ്ക് വഹിക്കുന്ന സുരക്ഷാ വിഭാഗത്തിനേയും ദൈവം കാത്തു രക്ഷിക്കുമാറാവട്ടെ.

വിനീത വിധേയൻ

സൈഫുദ്ദീൻ പൊറ്റശ്ശേരി

ഇന്ത്യൻ എംബസി വളണ്ടിയർ

ജുബൈൽ

31 മാർച്ച് 2026