രണ്ടിടത്തായി രണ്ടു മരണം; 27 വയസ്സുകാരി ലോഡ്ജിൽ തൂങ്ങിയ നിലയിൽ

പ്രതീകാത്മക ചിത്രം (Photo - Shutterstock / Prath)

കൊച്ചി: ആലുവയിൽ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലായി, വ്യത്യസ്ത സാഹചര്യത്തിൽ 2 പേർ മരിച്ച നിലയിൽ. കുമളി മുരുക്കടി സ്വദേശിനിയായ 27കാരിയെ ആലുവ ടൗണിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഒരു സംഭവം.

കീഴ്മാട് എടയപ്പുറം മുടൂർ റോഡിനു സമീപം പാടത്ത് ഇതര സംസ്ഥാന തൊഴിലാളി എന്നു സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് മറ്റൊരു സംഭവം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ആലുവ ടൗണിലുള്ള ലോഡ്ജിൽ ഇന്നലെ രാവിലെ 10 മണിയോടെ മുറിയെടുത്ത കുമളി മുരുക്കടി പട്ടത്തുവിള വീട്ടിൽ ജോമോൾ വർഗീസ് (27)നെയാണ് ലോഡ്ജിലെ മൂന്നാം നിലയിലുള്ള മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുറിയെടുത്തതിനു ശേഷം ഒരു ദിവസം മുഴുവൻ യുവതി പുറത്തേക്കിറങ്ങാത്ത സാഹചര്യത്തിൽ സംശയം തോന്നി ഇന്നു വെളുപ്പിനെ അഞ്ചുമണിയോടെ ലോഡ്ജ് ജീവനക്കാർ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല.

മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് മുറിയുടെ സൺഷെയ്ഡിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കാണുന്നത്. ഉടൻ ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തലേന്ന് യുവതിയുടെ സുഹൃത്തും ബന്ധുവും ലോഡ്ജിൽ എത്തിയിരുന്നതായും അവർ വിളിച്ചിട്ടും യുവതിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ലെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അസുഖബാധിതയായതിനാൽ‍ മരുന്നു കഴിച്ച് ഉറങ്ങുകയായിരിക്കും എന്നു സംശയം പ്രകടിപ്പിച്ച ഇവർ പിന്നീട് വിളിച്ചില്ല.  ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇതിന്റെ കാരണങ്ങളറിയാൻ സുഹൃത്തിൽ നിന്നും ബന്ധുവിൽ നിന്നും വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

രണ്ടാമത്തെ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിലേക്ക് പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ സാധിക്കൂ എന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നു രാവിലെ ഏഴരയോടെയാണ് എടയപ്പുറത്ത് സന്തോഷ് എന്ന പ്രദേശവാസിയുടെ കൃഷിയിടത്തിനു അടുത്തുള്ള ചതുപ്പിൽ ഒരാൾ മരിച്ചു കിടക്കുന്നത് കാണുന്നത്. സന്തോഷ് ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഒന്നു രണ്ടു ദിവസത്തെയെങ്കിലും പഴക്കമുള്ളതായി സംശയിക്കുന്നു. ഇയാൾ കിടക്കുന്നതിനു സമീപത്തായുള്ള ഒരു മാവിൽ തോർത്തുകൊണ്ടുള്ള ഒരു കുരുക്കും കണ്ടെത്തി. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെക്ക് പതിച്ച് മരണമടഞ്ഞതാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോ മരണമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഇയാളുടെ കഴുത്തിലും ദേഹത്തും പാടുകളുണ്ട്. ഈ പ്രദേശത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടെത്തിയാൽ മാത്രമേ മരിച്ചയാളുടെ വിവരങ്ങൾ‍ ലഭ്യമാകൂ എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.