പുണെ: ഭാര്യയുടെയും ഭാര്യാവീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് യുവാവ് എലി വിഷം കഴിച്ച് ജീവനൊടുക്കി. താൻ നേരിട്ട ദുരിതങ്ങൾ വിവരിക്കുന്ന വിഡിയോ പകർത്തി സുഹൃത്തിന് അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. യുവാവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഭാര്യ ഉൾപ്പെടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.
നാസിക് ജില്ലയിലെ മാലേഗാവ് സ്വദേശിയായ മുഹമ്മദ് സാദ് ആസിഫ് സയ്യദ് പുണെയിലെ ജംഭുൽവാടിയിലാണ് താമസിച്ചിരുന്നത്. ഭാര്യ നിഷാ ഖാനുമായി (കരീമുനിസ്സ) തർക്കങ്ങളുണ്ടായിരുന്നുവെന്നും ഭാര്യയും അവരുടെ ബന്ധുക്കളും മുഹമ്മദ് സാദിനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നുമാണ് വിവരം.
പീഡനത്തിൽ മനംനൊന്ത മുഹമ്മദ് സാദ്, നിഷ ഉൾപ്പെടെ ഏഴു പേരുടെ പേര് പരാമർശിച്ച് താൻ അനുഭവിച്ച പീഡനങ്ങൾ വിശദീകരിച്ച് ഫോണിൽ വിഡിയോ പകർത്തുകയും മാലേഗാവിലുള്ള ഒരു സുഹൃത്തിന് അയച്ചുകൊടുക്കുകയും ചെയ്തു. പിന്നാലെ എലി വിഷം കഴിച്ച് ഇയാൾ ജീവനൊടുക്കുകയായിരുന്നു.
നിഷാ ഖാൻ, കൈഫ് ഖാൻ, രേഷ്മ കംറുഖാൻ, ഷമാ ജാവേദ് ഷെയ്ഖ്, ജാവേദ് ഷെയ്ഖ്, അഥർവ കാലെ, ഇഷിത എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. വിഡിയോയുടെ ഫോറൻസിക് പരിശോധനയ്ക്കായി മുഹമ്മദ് സാദിന്റ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.





