അബുദാബി: ഗുജറാത്ത് എനർജിയുമായി 10 വർഷത്തെ വിതരണക്കരാർ ഒപ്പിട്ടതോടെ ഇന്ത്യയിലേക്കുള്ള എൽഎൻജി വിതരണം വിപുലീകരിച്ച് അഡ്നോക്. വിതരണം 2028ൽ തുടങ്ങും. കരാർ പ്രകാരം പരമാവധി 40 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ഗുജറാത്ത് എനർജിക്ക് ലഭിക്കും.
പ്രതിവർഷം 4 ലക്ഷം ടൺ വരെയാണ് വിതരണം. യുഎസിലെ ഹെൻറി ഹബ് പ്രകൃതിവാതക വിലസൂചികയുമായി ബന്ധിപ്പിച്ചായിരിക്കും വില നിശ്ചയിക്കുക. കരാറിന്റെ ആകെ സാമ്പത്തിക മൂല്യം പുറത്തുവിട്ടിട്ടില്ല. കരാർ ഒപ്പിട്ടത് അഡ്നോക് ട്രേഡിങ് ലിമിറ്റഡുമായാണ്. 2030നുശേഷം പ്രതിവർഷം 4.7കോടി ടൺ എൽഎൻജി വിപണിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ആറു സംസ്ഥാനങ്ങളിലായി 44 ജില്ലകളിലാണ് ഗുജറാത്ത് എനർജിയുടെ വാതക വിതരണ ശൃംഖല. വ്യവസായങ്ങൾക്കും വീടുകൾക്കും വാഹനങ്ങൾക്കും പ്രകൃതിവാതകം ലഭ്യമാക്കുന്ന കമ്പനിക്ക് ദീർഘകാല കരാർ വഴി വിതരണത്തിൽ കൂടുതൽ ഉറപ്പു ലഭിക്കുമെന്നാണ് പ്രതീക്ഷ.
കരാർ ഇന്ത്യയുമായുള്ള ദീർഘകാല ഊർജബന്ധം ശക്തിപ്പെടുത്തുമെന്ന് അഡ്നോക് എൽഎൻജി വിപണന വിഭാഗം മേധാവി റാഷിദ് അൽ മസ്റൂഇ പറഞ്ഞു.
വ്യവസായങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും വീടുകളിൽ സുരക്ഷിതമായ പാചക വാതകം ലഭ്യമാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനും പ്രകൃതിവാതകത്തിന് പങ്കുണ്ടെന്ന് ഗുജറാത്ത് എനർജി മാനേജിങ് ഡയറക്ടർ അവന്തിക സിങ് ഔലഖ് പറഞ്ഞു. പുതിയ കരാറോടെ ഇന്ത്യയിലെ ഉപഭോക്താക്കളുമായി അഡ്നോകിനുള്ള എൽഎൻജി കരാറുകളുടെ ആകെ മൂല്യം 2,000 കോടി ഡോളർ കവിഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
