പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകര്‍ത്തി പ്രചരിപ്പിച്ചു: ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ

0
11

ഗോവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ കൗൺസിലറുടെ മകൻ അറസ്റ്റിൽ. ദക്ഷിണ ഗോവയിലെ കുർച്ചോറം നഗരസഭാ കൗൺസിലറുടെ മകനായ സോഹം നായിക് (20)ആണ് പിടിയിലായത്. കുർച്ചോറം നഗരസഭയിലെ ബിജെപി കൗൺസിലറുടെ മകനായ സോഹം മഡേഗൽ-കകോറ സ്വദേശിയാണ്.

പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെടുത്തതായി സൗത്ത് ഗോവ എസ്പി സന്തോഷ് ദേശായി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുർച്ചോറം നിവാസികൾ ഞായറാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റിന് തയാറായത്. ഭരണകക്ഷി കൗൺസിലറുടെ മകനായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

പ്രദേശവാസികളായ 250 ഓളം പേര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. കുർച്ചോറം സ്റ്റേഷൻ വളയുകയും പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു. പ്രാദേശിക പത്രത്തിൽ വന്ന വാർത്തയെത്തുടർന്നാണ് കേസ് പുറത്തെത്തിയത്. പൊലീസ് നടപടികൾ വൈകിപ്പിച്ചത് അമര്‍ഷം വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നിൽ സെക്സ് റാക്കറ്റിന്റെ സാന്നിധ്യവും നാട്ടുകാര്‍ സംശയിക്കുന്നു. ഇത്രയും അധികം കുട്ടികൾ എങ്ങിനെ പ്രതിയുടെ വലയിൽ വീണു എന്നത് സംശയം ബലപ്പെടുത്തുന്നു.

ഇരകളായ പെൺകുട്ടികളോ അവരുടെ കുടുംബാംഗങ്ങളോ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. വാര്‍ത്തയെ അടിസ്ഥാനമാക്കി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പെൺകുട്ടികളെ ചൂഷണം ചെയ്യുകയും അവരുടെ അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ച് വിവിധ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തായി കണ്ടെത്തിയിട്ടുണ്ട്. പോക്സോ (POCSO)നിയമം,ഗോവ ചിൽഡ്രൻസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.