കാസര്‍കോട്: ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും മൊഗ്രാല്‍ പുത്തൂരിലെ ബി എല്‍ ഒയുമായിരുന്ന ബി മുഹമ്മദ് സവാദി (32) ന്റെ മരണം ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്. ഇതേ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര് ഡി ഒ ബിനു ജോസഫ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സവാദിനെ മൊഗ്രാല്‍ പുഴയില്‍ അവശനിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബിസിനസ് കൺസൾട്ടൻസി
രാവിലെ ഏഴ് മണിയോടെ പുതിയതായി പണിയുന്ന വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സവാദ് സ്കൂട്ടറില്‍ വീട്ടില്‍ നിന്നിറങ്ങിയത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ സവാദിന്റെ സ്കൂട്ടര്‍ മൊഗ്രാല്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കാണപ്പെട്ടു.
സംശയം തോന്നി പുഴയില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. അമിത ജോലി സമ്മര്‍ദ്ദമാണ് സവാദിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും കലക്ടര്‍ എത്താതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്നും ആശുപത്രിയില്‍ എത്തിയവര്‍ പറഞ്ഞു. ഇതിനിടയില്‍ ആര് ഡി ഒ ബിനു ജോസഫ്, എ എസ് പി അച്യുത് അശോക് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.
കുടുംബത്തോടൊപ്പം ചെലവഴിക്കാനുമുള്ള പെരുന്നാള്‍ ദിനങ്ങളില്‍ പോലും സവാദ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയുന്നു. പെരുന്നാളിന് തൊട്ടുതലേന്ന് ബി എല്‍ ഒ ഡ്യൂട്ടിയുടെ രേഖകള്‍ ആവശ്യപ്പെടുന്നതും പെരുന്നാള്‍ കഴിഞ്ഞ പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് റിപോര്‍ട്ട് നല്‍കണമെന്ന് വാശിപിടിക്കുകയുമാണ് മേലധികാരികള്‍ ചെയ്തതെന്നും പറയുന്നു.





