ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ

വെഞ്ഞാറമൂട്: ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ. ബൈക്ക് ഓടിച്ച വെമ്പായം കൊപ്പം ചിറത്തലയ്ക്കൽ വീട്ടിൽ രാജുവിന്റെയും സിന്ധുവിന്റെയും ഏക മകൻ ആദിത്യൻ (22), ഒപ്പമുണ്ടായിരുന്ന കാട്ടാക്കട കട്ടക്കോട് തൊഴുക്കൽകോണം എസ്ജെ നിവാസിൽ ജെ.ഇഗ്നേഷ്യസിന്റെയും എസ്.ശുഭ റാണിയുടെയും മകൾ ജൂലി ഇഗ്നേഷ്യസ് (19) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബിരുദ വിദ്യാർഥിയും ആർചറി താരവുമാണ് ആദിത്യൻ. മാർ ഇവാനിയോസ് കോളജ് ബിരുദ വിദ്യാർഥിനിയും കബഡി ദേശീയ ടീം അംഗവുമാണ് ജൂലി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് പിരപ്പൻകോട് നാഗരുകുഴി റിങ് റോഡിൽ പുത്തലത്തുനട കയറ്റത്തിലാണ് അപകടം. ആദിത്യൻ സംഭവ സ്ഥലത്തും ജൂലി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.

അപകടത്തെ തുടർന്ന് മറി‍ഞ്ഞ ലോറി കാറിനു മുകളിലേക്കു വീണ് കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരുക്കേറ്റു. കാറിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശികളും കക്കോവ് പിഎംഎസ്എപിടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുമായ യാസിർ (31), റിഷിൻ (37) എന്നിവർക്കാണ് പരുക്കേറ്റത്. വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. ലോറി കയറ്റം കയറി വരുമ്പോൾ എതിരെ ഏതാണ്ട് 5 മീറ്റർ അകലം വിട്ടാണ് മുന്നിൽ ബൈക്കും പിന്നിൽ കാറും എത്തിയത്. ബൈക്ക് ഇടിച്ചയുടൻ ലോറി നിന്നു പോയി. ലോറി പിന്നോട്ടിറങ്ങി വലത്തേക്കു ചരിയുന്നതിനിടയിൽ കാർ ലോറിക്കു സമീപമെത്തിയിരുന്നുവെന്നു ഡ്രൈവർ മൊഴി നൽകിയതായും സംഭവത്തിൽ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.