ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചതായി ഇറാനിയൻ വാർത്താ മാധ്യമങ്ങൾ. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായി ‘സെജ്ജിൽ’ മിസൈൽ ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാൻ തന്നെ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത, ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണിത്.
ഏകദേശം 2,000 കിലോമീറ്റർ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാൻ കഴിയും. ഉയർന്ന ഉയരത്തിൽ ദിശ മാറ്റി സഞ്ചരിക്കാനുള്ള കഴിവ് ഉള്ളതിനാൽ ഇതിനെ ‘ഡാൻസിങ് മിസൈൽ’ എന്നും വിളിക്കുന്നു. അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കടക്കാൻ ഇതിന് സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം.
സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസ് നൽകുന്ന വിവരങ്ങളനുസരിച്ച് മിസൈലിന് ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവുമുണ്ട്. വേഗത്തിൽ വിക്ഷേപണത്തിന് സജ്ജമാക്കാൻ കഴിയുമെന്നത് ഇതിന്റെ തന്ത്രപ്രധാനമായ മേന്മയാണ്. 1990 കളുടെ തുടക്കത്തിലാണ് സെജ്ജിൽ മിസൈലിന്റെ രൂപകൽപന ആരംഭിച്ചത്. 2008ലായിരുന്നു ആദ്യ പരീക്ഷണ വിക്ഷേപണം.





