നെതന്യാഹു എവിടെ ഉണ്ടെങ്കിലും തിരഞ്ഞുപിടിച്ച് വധിക്കും; ഭീഷണിയുമായി ഇറാൻ

0
54

ടെഹ്‌റാൻ: ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ടെത്താനും വധിക്കാനുമുള്ള നീക്കങ്ങൾ തുടരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി).

ഇറാനെതിരായ യു എസ്-ഇസ്റാഈൽ ആക്രമണം 16-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ഐ ആർ ജി സി പബ്ലിക് റിലേഷൻസ് വിഭാഗം പ്രസ്താവന പുറത്തിറക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദിയിൽ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ അവസാന പോസ്റ്റ് എ ഐ നിർമിതമാണെന്നും റിപ്പോർട്ടുകളുണ്ട്.

കുറ്റവാളിയായ സയണിസ്റ്റ് പ്രധാനമന്ത്രി മരിക്കുകയോ അഞ്ജാത കേന്ദ്രത്തിൽ കഴിയുകയോ കുടുംബത്തോടൊപ്പം പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതെല്ലാം സയണിസ്റ്റുകളുടെ തകർച്ചയെയാണ് വെളിപ്പെടുത്തുന്നതെന്ന് ഐ ആർ ജി സി വ്യക്തമാക്കി. ശിശുഹത്യ നടത്തുന്ന നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കിൽ അയാളെ വേട്ടയാടുകയും വധിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, തിരിച്ചടിയുടെ 52-ാം ഘട്ടമായി അധിനിവേശ പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളും മേഖലയിലെ മൂന്ന് യു എസ് താവളങ്ങളും ലക്ഷ്യമിട്ടതായി ഐ ആർ ജി സി അറിയിച്ചു. ഇറാനിലെ വ്യവസായ നഗരങ്ങളിൽ യു എസ്-ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ രക്തസാക്ഷികളായ തൊഴിലാളികളുടെ മരണത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങൾ. ടെൽ അവീവിലെ വ്യവസായ മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണം വലിയ ആഘാതമുണ്ടാക്കിയതായി സയണിസ്റ്റ് കേന്ദ്രങ്ങൾ സമ്മതിച്ചിട്ടുണ്ട്.

ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള അൽ ഹരീർ ബേസ്, കുവൈത്തിലെ അരിഫ്ജാൻ, അലി അൽ സലേം സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ അമേരിക്കൻ സേനാ താവളങ്ങളെയും ഇറാനിയൻ മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടു.

ഫെബ്രുവരി 28-ന് ഇസ്ലാമിക് വിപ്ലവ നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാമിനയിയെയും മുതിർന്ന സൈനിക കമാൻഡർമാരെയും വധിച്ചുകൊണ്ടാണ് യു എസും ഇസ്റാഈലും ഇറാനെതിരെ ആക്രമണം തുടങ്ങിയത്. സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സിവിൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 1,348 ഇറാനിയൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.