‘നെതന്യാഹു സുഖമായിരിക്കുന്നു’; മരണ വാർത്തകൾ തള്ളി ഇസ്രയേൽ, പ്രചരിക്കുന്നത് വ്യാജ വാർത്ത

0
10

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മരിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ്. അദ്ദേഹം മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും ഓഫീസ് അറിയിച്ചു.

യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് വെള്ളിയാഴ്ച നെതന്യാഹുവിൻ്റെ എക്സിൽ പങ്കുവെച്ച ഒരു പത്രസമ്മേളനത്തിൻ്റെ വീഡിയോയാണ് മരണ വാർത്തകളിലേക്ക് നയിച്ചത് . വീഡിയോയിൽ, നെതന്യാഹുവിൻ്റെ വലതു കൈയിൽ ആറ് വിരലുകൾ കണ്ടതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീഡിയോ AI- നിർമിതമാണെന്നും നെതന്യാഹു മരിച്ചതായുമുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.

അമേരിക്കൻ കോൺസെർവേറ്റീവ് നിരൂപകയായ കാൻഡേസ് ഓവൻസിൻ്റെ “ബീബി എവിടെ?” എന്ന് ചോദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റും വൈറലായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഓഫീസ് വ്യാജ AI വീഡിയോകൾ പുറത്തുവിടുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുന്നതെന്ന് ചോദിച്ച ഓവൻസ് വൈറ്റ് ഹൗസിൽ പരിഭ്രാന്തി പടരുന്നത് എന്തുകൊണ്ടാണെന്നും എക്സ് പോസ്റ്റിൽ ചോദിച്ചിരുന്നു.

വീഡിയോയിൽ നെതന്യാഹുവിൻ്റെ ബാക്ക്ഗ്രൗണ്ടിൽ നൽകിയിട്ടുള്ള രണ്ട് ഇസ്രയേലി പതാകകളും നിശ്ചലമായി നിൽക്കുമ്പോൾ പശ്ചാത്തലത്തിലുള്ള കർട്ടനുകൾ ചലിക്കുന്നതിനെ കുറിച്ചും എക്സിൽ ഉപയോക്താക്കൾ സംശയങ്ങൾ ഉയർത്തിയിരുന്നു.

എന്നാൽ ആറ് വിരലുകളെക്കുറിച്ചുള്ള അവകാശവാദങ്ങൾ വസ്തുതാപരമായി പരിശോധിച്ചുകൊണ്ട് എക്‌സിൻ്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് പറഞ്ഞത് വീഡിയോയിൽ ബെഞ്ചമിൻ നെതന്യാഹുവിന് ആറ് വിരലുകളില്ലെന്നാണ്.

കൈപ്പത്തിയിലെ വൃത്താകൃതിയിലുള്ള അടയാളങ്ങൾ നിഴലുകളോ കൈകളുടെ കോണുകളോ എന്നിവയിൽ നിന്നുള്ള ഒപ്റ്റിക്കൽ മിഥ്യാധാരണകളാണെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു. ഇസ്രയേൽ ഗവൺമെൻ്റ് പ്രസ് ഓഫീസിൽ നിന്നുള്ള ഔദ്യോഗിക ഫൂട്ടേജുകളിൽ ഒരു കൈയിൽ 5 വിരലുകളുള്ളതായി കാണിക്കുന്നുവെന്നും വ്യക്തമാക്കുന്നു.