രാമനഗര (കർണാടക): ഒൻപത് മാസം മുൻപ് വിവാഹിതയായ പത്തൊൻപതുകാരി ഭർതൃവീട്ടിലെ പീഡനം മൂലം ജീവനൊടുക്കി. രാമനഗര ജില്ലയിലെ വദരഡോഡി ഗ്രാമത്തിൽ അഞ്ച് മാസം ഗർഭിണിയായ നയനയാണ് തീ കൊളുത്തി മരിച്ചത്. കുടുംബ വഴക്കിനെത്തുടർന്ന് ശരീരത്തിൽ ഡീസലൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഒൻപത് മാസം മുൻപാണ് നയനയും നാഗരാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നയന അഞ്ച് മാസം ഗർഭിണിയായിരുന്നു.വിവാഹത്തിന് പിന്നാലെ അമ്മായിയമ്മയുമായി നിരന്തരം വഴക്കുകൾ ഉണ്ടാകാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. നിസ്സാര കാര്യങ്ങൾക്ക് പോലും നയനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ആരോപണം.
കഴിഞ്ഞ ദിവസം രാത്രി വഴക്കുണ്ടായതിന് പിന്നാലെ വീട്ടിൽ വെച്ച് ശരീരത്തിൽ ഡീസലൊഴിച്ച് നയന ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചു.
രാമനഗര റൂറൽ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.നയനയുടെ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവ് നാഗരാജു, ഭർതൃപിതാവ് ജയറാം എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
വിവാഹശേഷം മകൾ കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് നേരിട്ടിരുന്നതെന്ന് നയനയുടെ മാതാപിതാക്കൾ ആരോപിച്ചു. ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്ത് ചോദ്യം ചെയ്തുവരികയാണ്.





