വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന ആക്രമണം രണ്ടാഴ്ച പിന്നിടുന്നതിനിടെ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആത്മവിശ്വാസം കുറയുന്നു.
ഒറ്റയടിക്ക് ഇറാനെ ചാമ്പലാക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെടുകയും അങ്ങനെ വീമ്പുപറയുകയും ചെയ്തിരുന്ന ട്രംപിന് ഇപ്പോൾ ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഇറാൻ ഭരണകൂടത്തിന്റെ പതനം താൻ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് ഉടൻ സംഭവിക്കാനിടയില്ലെന്നാണ് ട്രംപ് ഇപ്പോൾ വ്യക്തമാക്കുന്നത്.
യുഎസ്-ഇസ്റാഈൽ സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിലെ ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുമെന്നായിരുന്നു യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ ട്രംപിന്റെ പ്രതീക്ഷ. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോഴും ഇറാൻ ഭരണകൂടത്തിന് കാര്യമായ ഭീഷണി ഉയർത്തുന്ന ജനകീയ പ്രക്ഷോഭങ്ങളോ വിള്ളലുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മനംമാറ്റം.
ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് മയപ്പെടുത്തിയത്. ആയുധങ്ങളില്ലാത്ത ജനങ്ങൾക്ക് വലിയൊരു ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് വലിയൊരു തടസ്സമാണെന്നും, മാറ്റങ്ങൾ സംഭവിക്കുമെങ്കിലും അത് ഉടൻ ഉണ്ടായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 1,300-ലധികം ആളുകൾ ഇറാനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ശക്തമായ സൈനിക നീക്കം തുടരുന്നുണ്ടെങ്കിലും ഭരണകൂടം അടിയറവ് പറയുന്നതിന്റെ സൂചനകളൊന്നും ലഭിക്കാത്തത് ട്രംപ് ഭരണകൂടത്തിന് തലവേദനയാകുന്നുണ്ട്.





