വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് യുഎസ് ആക്രമിച്ചതെന്നാണ് യു എസ് അവകാശവാദം.
മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്ന് ഇറാനെതിരെ ഏറ്റവും വിനാശകരമായ, യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് 16 ഇറാൻ നേവൽ വെസലുകൾക്ക് നേരെ ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയത്.
തുടർച്ചയായ പന്ത്രണ്ടാം ദിനവും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന്‍റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ പുതിയ ആക്രമണ പരന്പരയാണ് ഇസ്രയേൽ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങൾ ഉണ്ടായി.
യുദ്ധം അമേരിക്കയെയും വലിയ രീതിയിൽ ബാധിച്ചുതുടങ്ങിയതോടെയാണ് നിലപാട് കടുപ്പിക്കുന്നത്. ഇന്ധനവില ഉയർന്നതോടെ അമേരിക്കയിലെ ജനങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ ഒരു ഗാലൺ പെട്രോളിന്റെ ശരാശരി വില 3.48 ഡോളറിന് അടുത്തെത്തി. ഒരാഴ്ച്ചക്കിടെ 16 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവും വർധിപ്പിക്കുമെന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്.





