- മുസ്ലിം പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്‍റെ പരാമർശം
ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിം സ്ത്രീകൾ നേരിടുന്ന സ്വത്തവകാശ വിവേചനത്തിന് ഏക സിവിൽ കോഡ് (യു.സി.സി) ആണ് ശാശ്വത പരിഹാരമെന്ന് സുപ്രിം കോടതി. മുസ്‌ലിം പിന്തുടർച്ചാവകാശ നിയമത്തിൽ ലിംഗസമത്വം ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുസ്‌ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യനീതി ഉറപ്പാക്കണമെന്ന ആവശ്യത്തിൽ കോടതി വിശദമായ വാദം കേട്ടു.
വ്യക്തിനിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് എത്രത്തോളം അധികാരമുണ്ടെന്ന ഗൗരവകരമായ ചോദ്യം വാദത്തിനിടെ ബെഞ്ച് ഉന്നയിച്ചു. നിലവിലുള്ള നിയമങ്ങൾ റദ്ദാക്കി ഒരു നിയമശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ ഉചിതം നിയമനിർമ്മാണ സഭകൾ ഉചിതമായ തീരുമാനമെടുക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
വ്യക്തിനിയമങ്ങൾ മാറ്റുന്നതിനേക്കാൾ നല്ലത് ഏക സിവിൽ കോഡിനായി പാർലമെന്റ് നിയമം കൊണ്ടുവരുന്നതാണെന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നിയമനിർമ്മാണ സഭയുടെ വിവേകത്തിന് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്നും ഏക സിവിൽ കോഡിനായി കോടതി നേരത്തെ തന്നെ ശുപാർശ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ജസ്റ്റിസ് ബാഗ്‌ചിയുടെ നിരീക്ഷണങ്ങളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പിന്തുണച്ചു. ഇത്തരം സങ്കീർണ്ണമായ വിഷയങ്ങൾക്കുള്ള യഥാർത്ഥ ഉത്തരം ഏക സിവിൽ കോഡാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിനിയമങ്ങളെ ഭരണഘടനാ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന പഴയ വിധിന്യായങ്ങളും കോടതി ചർച്ചയിൽ പരാമർശിച്ചു.
നിലവിലുള്ള ശരീഅത്ത് പിന്തുടർച്ചാവകാശ നിയമം കോടതി റദ്ദാക്കിയാൽ, ആ സ്ഥാനത്ത് പകരം എന്ത് നിയമമുണ്ടാകുമെന്ന ആശങ്കയും കോടതി പങ്കുവെച്ചു. നിയമപരമായ ചട്ടങ്ങളുടെ അഭാവം വലിയ പ്രതിസന്ധികൾക്ക് കാരണമാകില്ലേ എന്ന് ബെഞ്ച് ചോദിച്ചു.
എന്നാൽ, ശരീഅത്ത് നിയമം റദ്ദാക്കിയാൽ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാകുമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മറുപടി നൽകി. മുസ്ലിം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ സ്വത്തവകാശമുണ്ടെന്ന് കോടതിക്ക് പ്രഖ്യാപിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച 2017-ലെ ചരിത്രപരമായ സൈറ ബാനു കേസ് പ്രശാന്ത് ഭൂഷൺ കോടതിയിൽ ചൂണ്ടിക്കാട്ടി. ആ വിധിക്ക് ശേഷവും മുസ്‌ലിം സ്ത്രീകൾക്ക് തുല്യനീതി ലഭിക്കാത്ത സാഹചര്യം തുടരാൻ പാടില്ലെന്നും അദ്ദേഹം വാദിച്ചു.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പിന്തുടർച്ചാവകാശ നിയമങ്ങൾക്ക് ബാധകമല്ലെന്ന് ഭൂഷൺ കോടതിയെ ബോധിപ്പിച്ചു. സ്വത്തവകാശം എന്നത് ഒരു സിവിൽ അവകാശമാണെന്നും അത് മതപരമായ അവിഭാജ്യമായ ആചാരമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി, ശരീഅത്ത് നിയമം റദ്ദാക്കിയാൽ പകരം കൊണ്ടുവരേണ്ട പരിഹാര മാർഗങ്ങൾ കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. കേസ് വിശദമായ വാദത്തിനായി പിന്നീട് പരിഗണിക്കാൻ മാറ്റി വെച്ചു.





