ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു

ന്യൂഡല്‍ഹി: ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു. ഇന്‍ഡിഗോ സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങി മാസങ്ങള്‍ക്കു ശേഷമാണ് സിഇഒ സ്ഥാനത്തു നിന്ന് പീറ്റര്‍ എല്‍ബേഴ്‌സിന്റെ രാജി.

എല്‍ബേഴ്‌സിനു പകരം ഇന്‍ഡിഗോ മാനേജിങ് ഡയറക്ടര്‍ രാഹുല്‍ ഭാട്ടിയക്കായിരിക്കും താത്കാലിക ചുമതല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പീറ്റര്‍ എല്‍ബേഴ്‌സ് വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബറില്‍ സര്‍വീസുകള്‍ താളം തെറ്റിയതിനു പിന്നാലെ എല്‍ബേഴ്‌സിനെ പുറത്താക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്‍ബേഴ്‌സിന്റെ കീഴില്‍ മൂന്ന് വര്‍ഷം ഇന്‍ഡിഗോ വലിയ സാമ്പത്തിക വളര്‍ച്ച നേടിയിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ നേരിട്ട യാത്രാ ക്ലേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

2022 സെപ്റ്റംബറിലാണ് എല്‍ബേഴ്‌സ് ഇന്‍ഡിഗോയുടെ സിഇഒ ആയി ചുമതലയേറ്റത്. കേവലം മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍ഡിഗോയുടെ വരുമാനം 10 ബില്യണ്‍ ഡോളര്‍ കടന്നിരുന്നു. വിമാനങ്ങളുടെ എണ്ണം 440 ലധികം ഉയര്‍ത്തുകയും ചെയ്തു.

നേട്ടങ്ങള്‍ക്കിടയിലും 2025 ഡിസംബറിലുണ്ടായ യാത്രാ പ്രതിസന്ധിയാണ് പീറ്റര്‍ എല്‍ബേഴ്‌സിന് തിരിച്ചടിയായത്. പൈലറ്റുമാരുടെ ജോലിഭാരവും ക്ഷീണവും കുറയ്ക്കുന്നതിനായി കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഇന്‍ഡിഗോ പരാജയപ്പെട്ടു.

ഡിസംബറില്‍ 2500 ലധികം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. 1900 വിമാനങ്ങള്‍ വൈകി. മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെയാണ് യാത്രാ ദുരിതം ബാധിച്ചത്.

തുടര്‍ന്ന് കമ്പനിക്ക് ഡിജിസിഎ 22.20 കോടി രൂപ പിഴ ചുമത്തി. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് പിഴ തുകയാണിത്. പീറ്റര്‍ എല്‍ബേഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.