കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തു കേസിലെ കസ്റ്റംസ് അന്വേഷണത്തിൽ പുറത്തുവരുന്നത് രാജ്യത്തെ ഏറ്റവും വലിയ വാഹനക്കള്ളക്കടത്ത് മാഫിയയുടെ വേരുകൾ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾമുതൽ കേരളംവരെ നീളുന്ന കണ്ണികളാണ് ഈ മാഫിയക്കുള്ളതെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ ഓപ്പറേഷൻ ‘നുംഖോർ’ അന്വേഷണത്തിലൂടെ വ്യക്തമാകുന്നു.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് സംഘം മറ്റ് അന്വേഷണ ഏജൻസികൾക്ക് ഉടൻ കൈമാറും. വ്യാജ രജിസ്ട്രേഷൻ വാഹനങ്ങൾ രാജ്യംമുഴുവൻ വിറ്റത് ദേശസുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
അസം നിയമസഭയുടെ മുന്നിലെത്തിയ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ടിൽ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത 15,849 വാഹനങ്ങൾക്ക് ഒരേ ചേസിസ് നമ്പറും എൻജിൻ നമ്പറുമാണെന്നുണ്ട്. ഇതിൽ 12,112 വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത് അസമിലാണ്.
വിദേശനിർമിത വാഹനങ്ങൾക്കുപുറമേ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്തശേഷം തിരികെ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളും ഇതിൽപ്പെടുന്നു. കേരളത്തിലേക്ക് 150 മുതൽ 220 വരെ എസ്.യു.വി.കൾ എത്തിയെന്നാണ് സൂചന.
ഇതിൽ 49 എണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. എട്ടുവർഷത്തിലേറെയായി തുടരുന്ന ഭൂട്ടാൻ വാഹനക്കടത്തിൽ ഡൽഹിയിലടക്കം ഇത്തരം വാഹനങ്ങൾ എത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. തീവ്രവാദികളോ കള്ളക്കടത്തു സംഘങ്ങളോ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചാൽ വ്യാജ രജിസ്ട്രേഷനായതിനാൽ ഏജൻസികളുടെ അന്വേഷണത്തെപ്പോലും ബാധിക്കും.
കസ്റ്റംസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്ത ഭൂട്ടാൻ വാഹനക്കടത്തിലെ മുഖ്യസൂത്രധാരനും വിപ്രോയിലെ സീനിയർ എൻജിനിയറുമായ ബിശ്വദീപ് ദാസിനെ ചോദ്യംചെയ്തതിൽനിന്നാണ് അസം മോട്ടോർവാഹനവകുപ്പിലെ മംഗൽദോയ് ഡി.ടി.ഒ. ദീപക് പാടോവാരിയെക്കുറിച്ച് വിവരം ലഭിച്ചത്.
ഫെബ്രുവരി 27-ന് ദീപകിനെ അറസ്റ്റുചെയ്ത് അവിടത്തെ കോടതിയിൽ ഹാജരാക്കി. ഇയാളുടെ പേരിൽ വ്യാജവാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മുൻപും കേസുണ്ട്. കസ്റ്റംസ് അസമിൽനിന്ന് പിടികൂടിയ 460 ഭൂട്ടാൻ വാഹനങ്ങളുടെയും വ്യാജ രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത് ഇയാളുൾപ്പെടെയുള്ള നാലംഗസംഘമാണ്.





