തിരുവനന്തപുരം: യുഡിഎഫ് മുന്നോട്ടുവെച്ച സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി ബസ് യാത്ര വാഗ്ദാനം നടപ്പിലാക്കിയാൽ കെഎസ്ആർടിസി ആദ്യ മാസം തന്നെ പൂട്ടിക്കെട്ടേണ്ടി വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തട്ടാൻ വേണ്ടിയുള്ള പൊള്ളയായ വാഗ്ദാനമാണിതെന്നും മന്ത്രി വിമർശിച്ചു.
സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയാൽ പ്രതിമാസം 50 കോടി രൂപയുടെ അധിക ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരും. നിലവിൽ സർക്കാർ സഹായത്തോടെ കഷ്ടിച്ചു മുന്നോട്ടുപോകുന്ന കെഎസ്ആർടിസിക്ക് ഇത് താങ്ങാനാവില്ല. ഇത്തരം തീരുമാനങ്ങൾ പ്രൈവറ്റ് ബസുകളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ.
കെഎസ്ആർടിസി തകർന്നാൽ ആയിരക്കണക്കിന് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാകും. കർണാടകയിൽ സമാനമായ പദ്ധതി നടപ്പിലാക്കിയതോടെ അവിടുത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ കാര്യം മന്ത്രി ഓർമ്മിപ്പിച്ചു.
യുഡിഎഫ് പ്രകടനപത്രികയിലെ 90% കാര്യങ്ങളും നടപ്പിലാക്കാറില്ല. ജനങ്ങളുടെ പണം പാഴാക്കാതെ സൂക്ഷിക്കേണ്ട കാവൽക്കാരാണ് സർക്കാർ. ഡൽഹിയിൽ നിന്നു വരുന്നവർക്ക് വസ്തുതകൾ മനസ്സിലാക്കാതെ എന്തും പറയാം. കോർപ്പറേഷൻ പച്ചപിടിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രഖ്യാപനങ്ങൾ ആത്മഹത്യാപരമാണ് എന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു
സൗജന്യ യാത്രയ്ക്ക് പകരമായി പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ‘പിങ്ക് ബസ്’ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ (UN) സഹായത്തോടെയാകും ഈ പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’ക്കിടെയാണ് യുഡിഎഫിന്റെ അഞ്ച് ക്ഷേമ പദ്ധതികളിൽ ഒന്നായി സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തത്. ഇതിനെതിരെയാണ് ഗതാഗതമന്ത്രി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.





