മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്‍ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്‍ഡഡ് പദവി നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളജായ മർകസ് യുനാനി കോളജിന് ഈ പദവി ലഭിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായക ചുവടുവെപ്പായി മാറും.

മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴിൽ 2010-ലാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനങ്ങൾക്ക് യുനാനി ചികിത്സാ രീതിയിൽ മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് സ്ഥാപിതമായത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെയും (NCISM) അംഗീകാരമുള്ള ഈ സ്ഥാപനം, നിലവിൽ കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) കീഴിലാണ് പ്രവർത്തിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിൽ, ദേശീയപാത 766-ന് അരികിലായി മർകസ് നോളജ് സിറ്റിയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്ററും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയോരത്തായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഇവിടേക്ക് എളുപ്പത്തിൽ എത്താനാകും.

എയ്‍ഡഡ് പദവി ലഭിക്കുന്നതോടെ കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ യുനാനി മെഡിസിൻ (BUMS) പഠിക്കാനുള്ള അവസരം കൈവരും. ആയുർവേദത്തിനും ഹോമിയോപ്പതിക്കും നൽകുന്ന പ്രാധാന്യം യുനാനി ചികിത്സാ വിഭാഗത്തിനും ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കൂടുതൽ വൈവിധ്യപൂർണ്ണമാകും. ഗവേഷണ രംഗത്തും ഉന്നത നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും പുതിയ തീരുമാനം വലിയ മാറ്റങ്ങൾ കൊണ്ടുവരും.