ടെഹ്റാൻ/വാഷിങ്ടൻ: ഇറാന്റെ ആക്രമണത്തെ തുടർന്ന് എൽഎൻജി ഉൽപ്പാദനം നിർത്തിയതായി ഖത്തർ. എൽഎൻജിക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ഖത്തറിനെയാണ്. അതിനിടെ, സൗദി അറേബ്യയ്ക്കു നേരെ ഇറാൻ ആസൂത്രിതമായ ആക്രമണം നടത്തിയാൽ അത് സൈനിക നടപടിക്ക് കാരണമായേക്കാമെന്ന് സൗദി സർക്കാരുമായി അടുത്ത ബന്ധമുള്ളവർ എഎഫ്പി വാർത്താ ഏജൻസിയോട് പറഞ്ഞു.
സൗദിയിലെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ഇറാൻ ആസൂത്രിതമായ ആക്രമണം നടത്തിയാൽ സൗദി അറേബ്യ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുമെന്നും അവർ പറഞ്ഞു.
ഇസ്രയേല്‍-ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളിലെ സാഹചര്യം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സമൂഹമാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവര്‍ നല്കുന്ന ഔദ്യോഗിക വിവരങ്ങള്‍ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം. പ്രവാസികള്‍ അവര്‍ ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നല്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണം. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് സാധ്യമായ എല്ലാ തലങ്ങളിലും സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. അത്യാവശ്യ സഹായങ്ങള്‍ ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ഇടപെടല്‍ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.





