ടെഹ്റാൻ: ഇറാനിലെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങിൻ്റെ രണ്ട് സമുച്ചയങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ തകർത്തു. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരിക്കേറ്റിരിക്കാമെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.
ആക്രമണം നടന്നതായി ഐആർഐബി സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നാലെ റേഡിയോ, ടെലിവിഷൻ സംപ്രേഷണങ്ങൾ തടസപ്പെട്ടു. തുടർന്ന് ടെലിവിഷൻ ഇസ്രയേൽ ഹൈജാക്ക് ചെയ്തു. സംപ്രേഷണം പുനരാരംഭിച്ചപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സന്ദേശമാണ് ഇതിലൂടെ പ്രക്ഷേപണം ചെയ്തത്.
വടക്കൻ ടെഹ്‌റാനിലെ ജാമേ ജാം പ്രദേശത്തെ കെട്ടിടങ്ങളാണ് തകർത്തത്. ആക്രമണത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമെന്ന് ഐആർഐബി ന്യൂസ് നെറ്റ്‌വർക് പിന്നീട് ആരോപിച്ചു. സംഘർഷം നടക്കുന്നതിനാൽ ഐആർഐബി പതിവായി നടത്തുന്ന പല പരിപാടികളും ഒഴിവാക്കിയിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നത്.
ഇസ്രയേലും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിൻ്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. സംഘർഷത്തിൽ ഇറാനിൽ മാത്രം ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സർവശക്തിയുമുപയോഗിച്ച് ഇറാൻ നടത്തുന്ന പ്രത്യാക്രമണത്തിൽ ഇസ്രായേലിലും നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെ സൈനികരും കൊല്ലപ്പെട്ടു.





