വാഷിങ്ടണ്‍: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം. ‘പാമ്പിന്‍റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.
കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദികളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.
ഐആർജിസി, ഇന്‍റലിജൻസ് ആസ്ഥാനം, ഐആർജിസി വ്യോമസേന കമാൻഡ് സെന്‍ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുൾപ്പെടെ ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സേന പറയുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാനിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേൽ ടെഹ്റാനിലെ ആശുപത്രി ഉൾപ്പെടെ ലക്ഷ്യം വെച്ചതായി ആരോപണമുണ്ട്. ഇറാന്‍റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗമാണ് തങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. അതേസമയം ഇസ്രയേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്.




