വാഷിങ്ടൻ: ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമനയി ശനിയാഴ്ച പുലർച്ചെ ഓഫിസിൽ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിൽ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഖമനയി കൊല്ലപ്പെട്ടെന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപ് കുറിച്ചിരുന്നു. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ല. ഖമനയിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ട്രംപിന്റെ അവകാശവാദത്തിനു പിന്നാലെ ആയത്തുല്ല അലി ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് മരണം വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇറാന്റെ പ്രത്യാക്രമണത്തിനു പിന്നാലെ, ഇറാനിയൻ നാവികസേനയെ തകർക്കുമെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ യുഎസ് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും യുഎസ് പ്രതിരോധ മേധാവി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. അമേരിക്കക്കാരെ ലക്ഷ്യം വച്ചുള്ള ഇറാന്റെ മിസൈൽ ആക്രമണങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന് ഹെഗ്സെത്ത് എക്സിൽ കുറിച്ചു. ഇറാന്റെ മിസൈൽ ഉൽപാദന കേന്ദ്രങ്ങളേയും നാവികസേനയേയും തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനെ ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ഈ സംഘർഷം അമേരിക്ക തുടങ്ങിയതല്ല, എന്നാൽ ഞങ്ങൾ ഇത് അവസാനിപ്പിക്കും. ലോകത്ത് എവിടെയെങ്കിലും നിങ്ങൾ അമേരിക്കക്കാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ മുതിർന്നാൽ, ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും വധിക്കുകയും ചെയ്യുമെന്നും പീറ്റ് ഹെഗ്സെത്ത് എക്സിൽ കുറിച്ചു.





