അലിഗഡ്/കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ് സിങ്ങിന്റെ സംസ്കാരം നടത്തി. ഉത്തർപ്രദേശിലെ അലിഗഡിൽ മഹുവ ഖേരയിലുള്ള ശ്മശാനത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അന്ത്യകർമങ്ങൾ.
പിതാവിന്റെ മൃതദേഹവും തോളിൽ വഹിച്ച് സഹോദരന്മാർക്കൊപ്പം റിങ്കു സിങ് വികാരാധീനനായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. റിങ്കുവിന്റെ മൂത്ത സഹോദരൻ സോനു സിങ്ങാണ് ചിതയ്ക്ക് തീകൊളുത്തിയത്.
കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കൂടാതെ അലിഗഡിൽ നിന്നുള്ള ലോക്സഭാ എംപി സതീഷ് ഗൗതം, ബിജെപി എംഎൽഎ കോൾ അനിൽ പരാശർ, അലിഗഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വിവേക് ബൻസാൽ (മുൻ കോൺഗ്രസ് എംഎൽഎ) എന്നിവരടക്കം രാഷ്ട്രീയ, കായിക രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
അർബുദ ബാധിതനായി ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിയിരുന്നു റിങ്കു സിങ്ങിന്റെ പിതാവ് ഖൻചന്ദ് സിങ്ങിന്റെ അന്ത്യം. ഇന്ത്യൻ ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ അംഗമായ റിങ്കു, ഉടൻ നാട്ടിലേക്ക് തിരിച്ചു. പിതാവിനെ സന്ദർശിക്കാനായി കഴിഞ്ഞ ദിവസം നോയിഡയിലേക്ക് പോയ റിങ്കു, സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിന് മുൻപാണ് ഇന്ത്യൻ ക്യാംപിൽ തിരിച്ചെത്തിയത്.
ഗ്യാസ് സിലിണ്ടർ വിതരണ ജീവനക്കാരനായിരുന്ന ഖൻചന്ദ് സിങ്ങിന്റെ 5 മക്കളിൽ മൂന്നാമനാണ് റിങ്കു. സാമ്പത്തിക പരിമിതികൾക്കിടയിലും ഖൻചന്ദ് മകന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കു കൂട്ടായി നിന്നു. റിങ്കു സിങ് ഇന്ത്യൻ ടീമിലെത്തിയശേഷവും പിതാവ് സിലിണ്ടർ വിതരണ ജോലിയിൽ തുടർന്നു. ഒരുവർഷം മുൻപാണ് അർബുദം സ്ഥിരീകരിച്ചത്.





