കൊച്ചി: വർഗീയ വിദ്വേഷം പുലമ്പുന്ന ‘ദ കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസിന് ഇന്നലെ ഹൈക്കോടതി സിംഗിൾ ബഞ്ച് നൽകിയ സ്റ്റേ ഡിവിഷൻ ബഞ്ച് നീക്കി. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്. ഇതോടെ സിനിമയുടെ റിലീസിനുണ്ടായിരുന്ന നിയമതടസ്സങ്ങൾ നീങ്ങി.
ചിത്രത്തിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ അടിയന്തര നടപടി. ഇന്നലെ രാത്രി ഏഴരയോടെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി വാദം കേട്ടത്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിക്കാരുടെ വാദങ്ങൾ കോടതി വിശദമായി പരിശോധിച്ചു.
സിനിമ ഒരു പ്രത്യേക മതത്തെയോ കേരളത്തെയോ അവഹേളിക്കുന്നില്ലെന്നും കഥാകൃത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും നിർമ്മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. മുൻപ് പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന് സുപ്രീം കോടതി ഉൾപ്പെടെ അനുമതി നൽകിയ കാര്യവും അവർ ചൂണ്ടിക്കാട്ടി.
ഒരു സിനിമയിൽ താൻ ആഗ്രഹിക്കുന്നതും ഏത് സാമൂഹിക തിന്മയെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നു എന്നതും കഥാകാരന്റെ പ്രത്യേകാവകാശമാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കൗൾ വാദിച്ചിരുന്നു. മറ്റ് മതങ്ങളുടെ സാമൂഹിക തിന്മകൾ സിനിമകളിൽ ചിത്രീകരിക്കുമ്പോൾ കോടതികൾ ഇടപെടാൻ വിസമ്മതിച്ചിട്ടുണ്ടെന്നും ഈ കേസിലും അതേ വീക്ഷണം സ്വീകരിക്കണമെന്നും അദ്ദേഹം വാദിച്ചു.
സർട്ടിഫിക്കേഷൻ നൽകുമ്പോൾ സിബിഎഫ്‌സി മനസ്സ് പ്രയോഗിച്ചിട്ടില്ലെന്ന സിംഗിൾ ജഡ്ജിയുടെ കണ്ടെത്തലിനെ മുതിർന്ന അഭിഭാഷകൻ പീറ്റർ എതിർത്തു. ബോർഡ് 16 വെട്ടിക്കുറവുകൾ നിർദ്ദേശിച്ചതായും അത് മനസ്സിന്റെ പ്രയോഗത്തെ വ്യക്തമായി കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം സിനിമയുടെ പേരിൽ നിന്ന് കേരള എന്ന വാക്ക് മാറ്റണമെന്നും ഇത് കേരളീയരുടെ അന്തസ്സിനെ ബാധിക്കുമെന്നും ഹർജിക്കാർ വാദിച്ചെങ്കിലും റിലീസ് തടയണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് മരവിപ്പിക്കുകയായിരുന്നു





