ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 18 കിലോ കഞ്ചാവ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഏഷ്യൻ വംശജനായ യാത്രക്കാരന്റെ ബാഗേജിൽ അതീവ ജാഗ്രതയോടെ ഒളിപ്പിച്ചു വച്ചിരുന്ന നിലയിലായിരുന്നു ലഹരിമരുന്ന്.
പുലർച്ചെ നടന്ന പരിശോധനയിൽ എക്സ്-റേ സ്കാനിങ്ങിലൂടെ ബാഗിനുള്ളിലെ അസ്വാഭാവികമായ സാന്ദ്രത തിരിച്ചറിഞ്ഞതാണ് വൻ വേട്ടയ്ക്ക് വഴിതെളിച്ചത്. ലഗേജ് പരിശോധനാ സംവിധാനത്തിലൂടെ കടന്നുപോയ ബാഗിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ യാത്രക്കാരൻ അറിയാതെ തന്നെ നിരീക്ഷണം ശക്തമാക്കുകയായിരുന്നുവെന്ന് പാസഞ്ചർ ഓപറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് വ്യക്തമാക്കി.
ബാഗേജ് ക്ലെയിം ഏരിയയിൽ നിന്ന് യാത്രക്കാരൻ പെട്ടി കൈപ്പറ്റുന്നത് വരെ ഫീൽഡ് ടീം ഇയാളെ രഹസ്യമായി പിന്തുടർന്നു. തുടർന്ന് ഇയാൾ പുറത്തേക്ക് കടക്കാൻ ശ്രമിക്കവെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തുകയും പ്രത്യേക പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. വിശദമായ പരിശോധനയിൽ ബാഗിനുള്ളിൽ കറുത്ത നിറത്തിലുള്ള 17 പായ്ക്കറ്റുകൾ കണ്ടെത്തി. ഇവ തുറന്നു പരിശോധിച്ചപ്പോഴാണ് ഉണങ്ങിയ ഇലരൂപത്തിലുള്ള കഞ്ചാവ് കണ്ടെത്തിയത്. ആകെ 18 കിലോ തൂക്കം വരുന്ന ലഹരിമരുന്നാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്.
ആധുനിക സാങ്കേതികവിദ്യയ്‌ക്കൊപ്പം ഉദ്യോഗസ്ഥരുടെ നിരീക്ഷണപാടവവും ശരീരഭാഷ വിശകലനം ചെയ്യാനുള്ള കഴിവും ഇത്തരം കടത്തുകൾ തടയാൻ സഹായിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. റമസാന് മുന്നോടിയായി അതിർത്തികളിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയിരുന്നു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിമരുന്ന് മാഫിയകളുടെ നീക്കങ്ങൾ തകർക്കുന്നതിനും ദുബായ് കസ്റ്റംസ് സജ്ജമാണെന്ന ശക്തമായ സന്ദേശമാണ് ഈ പിടിച്ചെടുക്കലിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
….





