ഭുവനേശ്വർ: വിവാഹ ചടങ്ങുകൾക്കു ശേഷം ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവവധുവിനെ മുൻ കാമുകൻ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഒഡീഷയിലെ ബോലാംഗീർ സ്വദേശിയായ ഹരിബന്ധു പട്ടേൽ, കാന്തമാലിൽ നടന്ന വിവാഹ ചടങ്ങുകൾക്കു ശേഷം, നവവധുവിനൊപ്പം നാട്ടിലേക്ക് യാത്ര ചെയ്ത വാഹനം മുൻ കാമുകൻ ഉൾപ്പെട്ട മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
വരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതികൾ വധുവിനെ ബലമായി വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. വരൻ തർഭ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവം സ്ഥിരീകരിച്ച തർഭ പോലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചെന്നും പ്രതികളെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയെന്നും പറഞ്ഞു.





