ജിദ്ദ: സൗദി അറേബ്യയിലെ പാചകപ്രേമികൾ കാത്തിരുന്ന ഗൾഫ് മാധ്യമം ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന റോഡ് ഷോ വാഹന പര്യടനത്തിന് ജിദ്ദയിൽ ഉജ്ജ്വല തുടക്കം. പ്രശസ്ത അവതാരകനും ഫുഡ് വ്ളോഗറുമായ രാജ് കലേഷ് ദിവാകരൻ, വിജയ് മസാല എം.ഡി ജോയ് മൂലൻ, കാഫ് ലോജസ്റ്റിക്സ് സി.ഇ.ഒ ഫൈസൻ പൂന്തല എന്നിവർ ചേർന്നാണ് ജിദ്ദയിൽ വെച്ച് റോഡ് ഷോ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്.
സൗദിയിലെ പ്രധാന നഗരങ്ങളെ കോർത്തിണക്കിയാണ് പ്രത്യേകവാഹനം പര്യാടനം നടത്തുക. ജിദ്ദയിൽ നിന്ന് ആരംഭിക്കുന്ന യാത്ര യാമ്പു, തായിഫ്, റിയാദ്, അബഹ, നജ്റാൻ, ദമ്മാം, ജുബൈൽ, അൽ ഹസ, ഹായിൽ, ബുറൈദ, തബൂക്ക് തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം സഞ്ചരിക്കും. കാഫ് ലോജിസ്റ്റിക്സ് ആണ് പ്രത്യേക വാഹനം നൽകിയത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ ഗൾഫ് മാധ്യമം പ്രതിനിധികളും വിജയ് മസാല പ്രതിനിധികളും പങ്കെടുത്തു. ഓരോ നഗരത്തിലും എത്തുന്ന റോഡ് ഷോ വാഹനത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.





