യുവാക്കളുടെ നട്ടപ്പാതിര ‘ചായകുടി’; പോലീസ് നിരീക്ഷണം ശക്തമാക്കി

0
88

കുമ്പള: യുവാക്കളുടെ രാത്രികാല ചായകുടി നിരീക്ഷിച്ച് പോലീസ്. രാത്രി 12-നുശേഷമാണ് യുവാക്കൾ മിക്കയിടങ്ങളിലും ചായകുടിക്കാനായി എത്തുന്നത്. ചായകുടിയുടെ പേരിൽ തട്ടുകടകളിലെത്തുന്ന പലരും പിന്നീട് ലഹരിക്ക് അടിപ്പെടുന്നുവെന്നാണ് പോലീസ് പറയുന്നത്. കുമ്പള, ചേവാർ, ബന്തിയോട്, ഉപ്പള എന്നിവിടങ്ങളിൽ രാത്രികാലത്ത് ഇത്തരം തട്ടുകടകൾ പ്രവർത്തിക്കുന്നുവെന്നാണ് സൂചന.

കർണാടകയിൽ രാത്രികാലത്ത് നടത്തുന്ന തട്ടുകടകൾക്ക് സമയപരിധിയും നിയന്ത്രണവും വന്നതോടെ യുവാക്കൾ കൂട്ടത്തോടെ തലപ്പാടിയിലും പരിസരപ്രദേശങ്ങളിലെ തട്ടുകടകളിലുമെത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പൈവളിഗെ ഗ്രാമപ്പഞ്ചായത്തു പരിധിയിലെ ചേവാറിൽ രാത്രിയിൽ ചായകുടിക്കാനെത്തിയ മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചായകുടിക്കാനെത്തിയ യുവാക്കളെ പോലീസ് മർദിച്ചുവെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം അഴിച്ചുവിട്ടെങ്കിലും അത് ഏശിയില്ല. പോലീസ് നിലപാടിനെ പിന്തുണച്ച് സി.പി.എം. പ്രവർത്തകർ അവിടെ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പോലീസ് സ്വീകരിക്കുന്ന കർശന നിലപാടുകളെ പൊതുസമൂഹം സ്വാഗതം ചെയ്യുകയാണുണ്ടായത്.

കഴിഞ്ഞദിവസം മംഗളൂരുവിൽനിന്ന് ആറു ബൈക്കുകളിൽ ബന്തിയോടെത്തിയ 11 പേരടങ്ങുന്ന യുവാക്കളുടെ സംഘം ബന്തിയോട് അപകടത്തിൽപ്പെടുകയുണ്ടായി. ബൈക്ക്, പിക്കപ്പ് വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലുമാണ്.

രാത്രികാലത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്കും യുവാക്കളുടെ രാത്രികാലത്തും പുലർച്ചെയുമുള്ള ചായകുടിക്കും നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.