തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ 2 പേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മുരിങ്ങൂർ തെക്കുമുറി കോനൂർ നാലുകെട്ടിൽ കടവിലെ വീട്ടിൽ ഷഫീഖ്(49), മലപ്പുറം നിലമ്പൂർ പടികുളത്തുംപടി വീട്ടിൽ ഷഫ്‌ന(32) എന്നിവരാണു പിടിയിലായത്.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി അജിതയുടെ പരാതിയിലാണ് കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന, ജീവനക്കാരൻ ഷഫീക്ക് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി ദമ്പതികളിൽനിന്ന് പലപ്പോഴായി 15,80,000 രൂപയും ഇവരുടെ ബന്ധുവിൽനിന്ന് 5,40,000 രൂപയും തട്ടിയതായാണു പരാതി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ഇതേ സംഘം ബന്ധുവായ മറ്റൊരു വനിതയിൽനിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്. ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട്ടുകാരായ രണ്ടുപേർ 6ന് അറസ്‌റ്റിലായതിനു പിന്നാലെയാണ് സമാന കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
