ചരിത്രനീക്കവുമായി കുവൈത്: പ്രവാസികൾക്ക് ‘ഫ്രീലാൻസ്’ വിസയുൾപ്പെടെ പുതിയ പരിഷ്കാരങ്ങൾ 

0
10
  • പ്രവാസികൾക്ക് ഏറെ ഗുണകരമാകും 
  • കുവൈത്തിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനായാണ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ശക്തമായ നടപടികൾ പ്രഖ്യാപിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ്. സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം സുപ്രധാനമായ ഭരണപരിഷ്കാരങ്ങൾ വെളിപ്പെടുത്തിയത്.

വിദഗ്ധ തൊഴിലാളികളായ പ്രവാസികളെ സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തം നിലക്ക് ചെറുകിട ബിസിനസുകള്‍ തുറക്കാന്‍ അനുവദിക്കുന്ന ഫ്രീലാന്‍സ് ഇഖാമ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് വെളിപ്പെടുത്തി.

ഫ്രീലാന്‍സ് ഇഖാമക്ക് പ്രവാസികള്‍ 800 കുവൈത്തി ദീനാര്‍ മുതല്‍ 1,000 കുവൈത്തി ദീനാര്‍ വരെ വാര്‍ഷിക ഫീസ് അടക്കേണ്ടിവരുമെന്ന്, സ്വകാര്യ വ്യവസായികളുടെ പങ്കാളിത്തത്തോടെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത് ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു. വിസ കച്ചവടത്തിനെതിരെ പോരാടാനാണ് ഫ്രീലാന്‍സ് ഇഖാമ സംവിധാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ജോലി വാഗ്ദാനം ചെയ്യാത്ത കമ്പനികളില്‍ നിന്ന് ഇഖാമ ലഭിക്കാന്‍ പ്രവാസികള്‍ക്ക് പ്രതിവര്‍ഷം നൂറുകണക്കിന് ദിനാര്‍ നല്‍കേണ്ടിവരുന്നു. വിസ കച്ചവടക്കാര്‍ക്ക് പണം നല്‍കുന്നതിനു പകരം, ഫ്രീലാന്‍സ് ഇഖാമക്ക് സര്‍ക്കാരിന് 800 കുവൈത്തി ദീനാര്‍ മുതല്‍ 1,000 കുവൈത്തി ദീനാര്‍ അടച്ചാല്‍ മതിയാകും. ഈ സംവിധാനം മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയേക്കും

നിയമങ്ങൾ പാലിക്കുന്ന തൊഴിലുടമകൾക്ക് നടപടിക്രമങ്ങൾ ലളിതമാക്കും. നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളുടെ കീഴിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ മറ്റൊരിടത്ത് ജോലി ചെയ്യുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കമ്പനി ഉടമകൾക്ക് പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നവർ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും.

അതേസമയം, തൊഴിലുടമകളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി പ്രത്യേക ആശയവിനിമയ സംവിധാനം ഏർപ്പെടുത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തൊഴിലാളികളുടെ ശമ്പളം കൃത്യമായി ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.