റിയാദ്: വിശുദ്ധ റമദാന്‍ മാസത്തിലെ ജവാസാത്ത് ഓഫീസുകളുടെയും ശാഖകളുടെയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സമയം പ്രഖ്യാപിച്ചുവെങ്കിലും ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ ഓൺലൈൻ സേവന പ്ലാറ്റ്ഫോമുകളായ അബ്ശിര്‍, അബ്ശിര്‍ ബിസിനസ്, മുഖീം പോര്‍ട്ടല്‍ എന്നിവയിലൂടെയാണ് സേവനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്.
അതേസമയം, അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം നേരിടുന്നവര്‍ പ്രശ്‌നപരിഹാരത്തിന് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജവാസാത്ത് മുന്നറിയിപ്പുണ്ട്.
അത്യാവശ്യ കാര്യങ്ങൾക്കായി ചില ജവസാത് ഓഫീസുകൾ രാത്രിയിലും സേവനങ്ങൾ നൽകും. റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസും ഖസര്‍ അല്‍ഹുകും സ്റ്റേഷനിലെ ജവാസാത്ത് ഓഫീസും ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:00 മുതല്‍ ഉച്ചക്കു ശേഷം 3:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയും തുറന്ന് പ്രവര്‍ത്തിക്കും. ജിദ്ദയിലെ സെറാഫി മാളിലെയും തഹ്‌ലിയ മാളിലെയും ജവാസാത്ത് ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ഉച്ചക്ക് 1:00 മുതല്‍ വൈകീട്ട് 5:00 വരെയും രാത്രി 9:00 മുതല്‍ പുലര്‍ച്ചെ 1:00 വരെയും തുറന്ന് പ്രവര്‍ത്തിക്കും.
മറ്റു പ്രവിശ്യകളിലെയും സബ് ഗവര്‍ണറേറ്റുകളിലെയും ശേഷിക്കുന്ന പാസ്പോര്‍ട്ട് ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10:00 മുതല്‍ ഉച്ചക്കു ശേഷം 3:00 വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ആയി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം നേരിടുന്നവര്‍ പ്രശ്‌നപരിഹാരത്തിന് തവാസുല്‍ സേവനം ഉപയോഗപ്പെടുത്തണമെന്നും ജവാസാത്ത് ആവശ്യപ്പെട്ടു.





