ജുബൈൽ: കിഴക്കൻ സഊദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി പ്രസാദ് മോഹനൻ (69) ആണ് മരണപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെയായി ജുബൈലിലെ പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുയായിരുന്നു.
കഴിഞ്ഞ 35 വർഷമായി ജുബൈലിൽ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം നിലവിൽ ഒരു സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇവിടെ കൂടെയുണ്ടായിരുന്ന ഭാര്യ അംബിക നാല് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഭാര്യയും മക്കളും ഹൈദരാബാദിലാണ് താമസം. മക്കൾ: അർച്ചന, അഭിലാഷ് (ഇരുവരും ഹൈദരാബാദ്). മരുമകൻ: ജീവൻ (ഖത്തർ). അദ്ദേഹത്തിന് മൂന്ന് കൊച്ചുമക്കളുമുണ്ട്.
ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാര ചടങ്ങുകൾ സ്വദേശമായ തിരുവല്ലയിൽ നടക്കും.





