കോഴിക്കോട്: ആരോഗ്യമേഖലയിൽ പുതുചരിത്രമെഴുതാൻ കേരളം. രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും. 500 കോടി രൂപ ചെലവാണ് ചേവായൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻ്റേഷന് കണക്കാക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി രണ്ടരവർഷം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷ.
ചേവായൂരിലെ 20 ഏക്കര്‍ സ്ഥലത്താണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ ഉയരുന്നത്. വര്‍ഷം തോറും 520 വൃക്ക, 320 കരള്‍, 50 ഹൃദയം, 40 ശ്വാസകോശം എന്നിവ മാറ്റിവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മാണം. ഇത് നിലവില്‍ വരുന്നതോടെ അവയവങ്ങള്‍ മാറ്റിവയ്ക്കലിനുള്ള കാലതാമസം ഒഴിവാകുകയും ചെലവ് മൂന്നിലൊന്നായി കുറയുകയും ചെയ്യും.
ആദ്യഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്‍റര്‍, 10 ഓപ്പേറഷന്‍ തിയേറ്റുകള്‍,14 സ്‍പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിവ ഒരുക്കും. ഗവേഷണകേന്ദ്രവും സെല്‍ ആന്‍ഡ് ടിഷ്യൂ എന്‍ജീനിയറിങ് സെന്‍ററും ഇന്‍സിറ്റ്യൂട്ടിലുണ്ടാവും. 31 അക്കാദമിക് കോഴ്സുകളും കേന്ദ്രത്തില്‍ ആരംഭിക്കും.





