അങ്കമാലി-ശബരി റെയിൽപാതയ്ക്ക് വീണ്ടും പച്ചക്കൊടി. പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. തടസങ്ങൾ നീങ്ങി ശബരി റെയിൽപാത വീണ്ടും ഉണരുമ്പോൾ കാൽനൂറ്റാണ്ടിൻ്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. മൂന്ന് പതിറ്റാണ്ടോളം ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ കുടുങ്ങി കിടന്ന ഭൂവുടമകൾക്കും സർക്കാർ തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ചുവപ്പ് നാടയിൽ കുടുങ്ങിക്കിടന്ന പദ്ധതിയുടെ തുടർ പ്രവർത്തങ്ങൾക്കാണ് സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചത്. മൂന്ന് ഘട്ടങ്ങളിലായി തലസ്ഥാനം വരെ നീളുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു റെയിൽവേ പദ്ധതിക്കായി പണം അനുവദിക്കേണ്ട സാഹചര്യം സംസ്ഥാന സർക്കാരിലേക്ക് എത്തുന്നത്. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ പാതയാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇതിൽ 14 സ്റ്റേഷനുകൾ ഉണ്ടാകും. പദ്ധതി ചെലവിൻ്റെ 50 ശതമാനം തുക കിഫ്ബി ഫണ്ടിലൂടെ സംസ്ഥാനം വഹിക്കാമെന്ന് നേരത്തെ തന്നെ റെയിൽവേയെ അറിയിച്ചിരുന്നു.
അന്ന് 2815 കോടിയായിരുന്നു പദ്ധതി ചെലവ് എങ്കിൽ ഇന്ന് അത് 3800 കോടിക്ക് മുകളിലാണ്. ദേശീയപാതയും എം.സി. റോഡും സംഗമിക്കുന്ന അങ്കമാലിക്കടുത്താണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. ശബരിപാത കൂടി വരുന്നതോടെ വിവിധ ഗതാഗത സൗകര്യങ്ങളുടെ സംഗമ ഭൂമിയായി അങ്കമാലി മാറും.
ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷനാകും തൊടുപുഴ. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ, ഇടുക്കി ഡാം , കുളമാവ് , രാമക്കൽമേട്, കുട്ടിക്കാനം എന്നിവിടങ്ങളിലേക്കെല്ലാം യാത്ര കൂടുതൽ സുഗമമാകും. കൂടാതെ ഭൂ സൂചിക പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകർക്കും ശബരി റെയിൽ പാത വലിയ അനുഗ്രഹമാകും. നിർമാണം നീണ്ട് നീണ്ട് പോകുന്ന പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണം എന്നതാണ് ജനങ്ങളുടേയും ആവശ്യം.
ശബരിമല തീർഥാടകർക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ യാത്രയാകും ശബരി റെയിൽ പാത സമ്മാനിക്കുക. മലയോര മേഖലയിലെ വാണിജ്യ വ്യവസായ സംരംഭങ്ങൾക്കും ഇത് കൂടുതൽ പ്രയോജനം ചെയ്യും. കൂടാതെ ഈ പാതയിൽ വരുന്ന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പുതിയ തൊഴിലിടങ്ങളും രൂപപ്പെടും.
…..





