ജിദ്ദയിൽ നിന്ന് കോഴിക്കോടേക്ക് പുതിയ പുതിയ സർവീസുമായി ആകാശ എയർ വരുന്നു. മാർച്ച് 13 മുതൽ സർവീസ് ആരംഭിക്കും. സൗദി സമയം രാവിലെ 9:10 ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5:30 ന് കോഴിക്കോട് എത്തി 6:55 ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെടുന്ന രൂപത്തിലാണ് സമയക്രമം.
രാജ്യത്തെ അതിവേഗം വളരുന്ന എയർലൈനായ ‘ആകാശ എയറിനെ’ കോഴിക്കോട് എത്തിക്കാൻ വിവിധ ഘട്ടങ്ങളിൽ ‘ആകാശ’ അധികൃതരുമായി നേരിട്ട് നടത്തിയ ചർച്ചകളുടെ വിജയമാണ് പുതിയ സർവീസ് എന്ന് എം.കെ രാഘവൻ എം.പി അറിയിച്ചു.
കോഴിക്കോട് സർവീസ് ആരംഭിക്കുന്നതിന് സഹായിച്ച എയർലൈൻ ഡെപ്യൂട്ടി ജന. മാനേജറും കമ്പനിയുടെ എയ്‌റോ പൊളിറ്റിക്കൽ അഫയേഴ്‌സ് ഇൻ ചാർജുമായ പ്രതീക് ശർമ്മ, ആകാശ എയർലൈൻ ചീഫ് ഓഫ് ഗവേണൻസ് ആൻഡ് സ്ട്രാറ്റജിക്ക് അക്വിസിഷൻ പ്രിയ മെഹ്‌റ, സൗത്ത് ഇന്ത്യ ജന. മാനേജർ മുരളി മേനോൻ, മാനേജർ സുധീഷ് മംഗലശ്ശേരി എന്നിവർക്ക് എം.പി നന്ദി പറഞ്ഞു.
ഈ വർഷം കോഴിക്കോട് നിന്നുള്ള ഹജ്ജ് സർവീസും ആകാശ എയറാണ് ഓപ്പറേറ്റ് ചെയ്യുന്നത്. കുവൈറ്റ്, ദോഹ, റിയാദ്, സിങ്കപ്പൂർ, ഡൽഹി, ഗോവ, തിരുവനന്തപുരം ഉൾപ്പടെ വിവിധ അന്താരാഷ്ട്ര ആഭ്യന്തര റൂട്ടുകളിലേക്ക് കൂടി സർവീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യവും ആകാശ അധികൃതരുമായി പങ്കുവെച്ചിട്ടുണ്ടെന്നും എം.പി അറിയിച്ചു.





