‘ഒരുമിച്ച് ആത്മഹത്യ ചെയ്യാം…’ യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; കാമുകൻ പിടിയിൽ

0
107

കോഴിക്കോട്: എലത്തൂർ മാളിക്കടവിലെ വർക് ഷോപ്പിനുള്ളിൽ ഈ മാസം 24 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ  കോഴിക്കോട് തട്ടമ്പാട്ടുത്താഴം സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈശാഖന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്തമായത്. വർഷങ്ങളായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയാകുന്നതിനു മുൻപും വൈശാഖൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് ചോദ്യംചെയ്യലിൽ തെളിഞ്ഞു. അടുത്തിടെ യുവതി വിവാഹം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. കാര്യങ്ങളെല്ലാം യുവതി പുറത്തുപറയുമോയെന്ന് ഭയന്ന് പ്രതി യുവതിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് 24 ന് വൈശാഖൻ യുവതിയെ വർക്ക് ഷോപ്പിലേക്കു വിളിച്ചു വരുത്തിയത്. രണ്ട് പേർക്കും മരിക്കാനായി കുരുക്ക് തയാറാക്കിയ വൈശാഖൻ യുവതി കഴുത്തിൽ കുരുക്കിട്ടയുടൻ സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാൾ സ്ഥലത്തു നിന്നും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.

പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചെറിയ പ്രായത്തിലുള്ള പീഡനം കൂടി ഉൾപ്പെടുന്നതിനാൽ പോക്സോ വകുപ്പുൾപ്പെടെ ചേർത്താണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. പ്രതിയെ ചോദ്യംചെയ്തു വരികയാണെന്ന് എലത്തൂർ പൊലീസ് വ്യക്തമാക്കി.