ജുബൈലിൽ നൈറ്റ് ഹീറോസ് ജുബൈൽ ക്രിക്കറ്റ് ടൂർണമെന്റ്: ട്രോഫി അനാവരണവും ക്യാപ്റ്റൻസ് മീറ്റിംഗും സംഘടിപ്പിച്ചു

0
60

സഊദി അറേബ്യയിലെ ജുബൈലിൽ പ്രവർത്തിക്കുന്ന നൈറ്റ് ഹീറോസ് ജുബൈൽ ക്രിക്കറ്റ് കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഔദ്യോഗിക ട്രോഫി അനാവരണം, ഉദ്ഘാടനം, ടീമുകളുടെ പ്രതീകങ്ങളോടുകൂടിയ ക്യാപ്റ്റൻസ് മീറ്റിംഗ് എന്നിവ നടന്നു.

ജനുവരി 29, 30 തീയതികളിൽ ജുബൈലിലെ അൽ ഫല ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ഈ ടൂർണമെന്റിൽ സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 18 ടീമുകൾ മാറ്റുരയ്ക്കുന്നു. ഗൾഫ് മേഖലയിലെ നിരവധി പ്രഗത്ഭരായ കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ജുബൈലിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു വമ്പൻ കായികോത്സവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റിന്റെ മുഖ്യ സ്പോൺസറും ജുബൈൽ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ. മാസ് മുനീർ ഔദ്യോഗിക ട്രോഫി അനാവരണം നിർവഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റിനോടുള്ള സമൂഹത്തിന്റെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഇത്തരം ടൂർണമെന്റുകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ദീപക് സ്വാഗതം ആശംസിക്കുകയും, വികേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ടൂർണമെന്റ് സംഘാടക സമിതി അംഗങ്ങൾക്കുള്ള ഔദ്യോഗിക ജേഴ്‌സി വിതരണം ടൂർമെന്റിന്റെ ജെഴ്‌സി സ്പോൺസർ കൂടി ആയ SATCOM കമ്പനി മാനേജിങ് ഡയറക്ടർ അൻവർ മസാഹിർ നിർവഹിച്ചു

ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ മത്സരക്രമ (Schedule) പ്രഖ്യാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ടീമുകളുടെ ക്യാപ്റ്റന്മാരുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ക്യാപ്റ്റൻസ് മീറ്റിംഗ് ടൂർണമെന്റിന്റെ വിജയത്തിനുള്ള പ്രധാന ഘട്ടമായി മാറി.

ജനുവരി 29-ന് (വ്യാഴാഴ്ച) വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ, ജനുവരി 30-ന് (വെള്ളിയാഴ്ച) രാത്രിയോടെ നടക്കുന്ന ഫൈനൽ മത്സരത്തോട് കൂടി സമാപിക്കുന്നതാണ്.

മത്സരങ്ങൾ കാണാൻ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ടൂർണമെന്റിന്റെ വിവിധ സ്പോൺസർമാർ, ടീമുകളുടെ പ്രതിനിധികൾ, നൈറ്റ് ഹീറോസ് ജുബൈൽ സംഘടനാ അംഗങ്ങൾ, ക്രിക്കറ്റ് പ്രേമികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൈറ്റ് ഹീറോസ് ജുബൈൽ ക്രിക്കറ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ടൂർണമെന്റ് ജുബൈലിലെ കായിക രംഗത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.